
ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾക്കായുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങൾ (എസ്.ഒ.പി) പുറത്തിറക്കി. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലും 2024-25 അക്കാഡമിക് സെഷനിലെ പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് വർക്കുകൾ, ഇന്റേണൽ അസസ്മെന്റ് എന്നിവ ജനുവരി 1 മുതൽ നടക്കും.
റഗുലർ സെഷൻ സ്കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 1 മുതൽ ഫെബ്രുവരി 14 വരെയാണ്. തിയറി പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും.
പ്രായോഗിക പരീക്ഷകൾക്കും പ്രോജക്ട് മൂല്യനിർണയത്തിനും ഒരു എക്സ്റ്റേണൽ എക്സാമിനറും ഇന്റേണൽ എക്സാമിനറും 12-ാം ക്ലാസിൽ ഉണ്ടായിരിക്കും.
പ്രായോഗിക/പ്രോജക്ട് മൂല്യനിർണയവും മാർക്ക് അപ്ലോഡ് ചെയ്യലും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഓരോ ബാച്ചിലും ഓരോ വിഷയത്തിലെ 30 വിദ്യാർത്ഥികൾ വീതമുള്ള ഗ്രൂപ്പുകളായി തിരിക്കാനും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളുടെ എണ്ണം 30-ൽ കൂടുതലാണെങ്കിൽ പ്രായോഗിക പരീക്ഷകൾ ഒരു ദിവസം രണ്ടോ മൂന്നോ സെഷനുകളിലായി നടത്തണം.
സി-ടെറ്റ് സിറ്റി ഇന്റിമേഷൻ സ്ലിപ്
ഡിസംബർ 14-ന് നടക്കുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: ctet.nic.in.
ഓർമിക്കാൻ...
1. ന്യൂനപക്ഷ സ്കോളർഷിപ്:- രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പിന് 5 വരെ അപേക്ഷിക്കാം. 50000 രൂപയാണ് സ്കോളർഷിപ് തുക. കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: minoritywelfare.kerala.gov.in.
2. പി എച്ച്.ഡി:- നവി മുംബയ് ടാറ്റ മെമ്മോറിയൽ സെന്ററിൽ (കാൻസർ ഗവേഷണ കേന്ദ്രം) ജീവശാസ്ത്രവുമായി ബന്ധപ്പെട്ട പി എച്ച്.ഡിക്ക് 6 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://actrec.gov.in.
3. XAT രജിസ്ട്രേഷൻ:- എം.ബി.എ/പി.ജി.ഡി.എം പ്രവേശനത്തിനായി നടത്തുന്ന XAT പരീക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: xatonline.in.
നാഷണൽ അച്ചീവ്മെന്റ് സർവേ
ഒരുലക്ഷം വിദ്യാർത്ഥികൾക്ക്ഇന്ന് പരീക്ഷ
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിലെ ഗുണനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ(നാസ്)യുടെ ഭാഗമായി ഒരുലക്ഷം വിദ്യാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും. മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിവിധ വിഷയങ്ങളിൽ കുട്ടികൾ നേടിയിട്ടുള്ള ശേഷിയാണ് വിലയിരുത്തുന്നത്. മൂന്ന്, ആറ് ക്ളാസുകളിലെ കുട്ടികൾക്ക് ഒന്നരമണിക്കൂർ വീതവും ഒമ്പതാം ക്ലാസുകാർ രണ്ടുമണിക്കൂറുമാണ് പരീക്ഷ.
മൂന്ന്, ആറ് ക്ലാസുകാരുടെ ഭാഷ, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിലെ അറിവാണ് പരിശോധിക്കുക. ഒമ്പതാം ക്ലാസുകാർക്ക് ഭാഷ, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ അറിവും പരിശോധിക്കും. ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ളതാണ് ചോദ്യാവലി.
പരാഖ് (പെർഫോർമൻസ് അസസ്മെന്റ്, റിവ്യൂ ആൻഡ് അനാലിസിസ് ഓഫ് നോളജ് ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ്) എന്ന ഏജൻസിയുടെ മേൽനോട്ടത്തിലാണ് സർവേ. സി.ബി.എസ്.ഇയ്ക്കാണ് മേൽനോട്ട ചുമതല.