
കിഴക്കമ്പലം: പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിലെ ടോയ്‌ലെറ്റിലെ ജല വിതരണം വാട്ടർ അതോറിറ്റി നിർത്തിവച്ചതോടെ പൊതു ടോയ്‌ലെറ്റ് അടച്ചു പൂട്ടി. ജലവിതരണത്തിന്റെ തുക അടച്ചയ്ക്കാത്തതിനെ തുടർന്ന് ജലവിതരണം നിറുത്തിയത്. കുന്നത്തുനാട് പഞ്ചായത്താണ് തുക അടക്കേണ്ടത്.
പണം നല്കി ഉപയോഗിക്കുന്ന സംവിധാനമാണ് ടൗണിലെ ഷോപ്പിഗ് കോംപ്ലക്‌സിൽ നിർമ്മിച്ചിരുന്നത്. നേരത്തെ മോട്ടോറുണ്ടായിരുന്നത് കേടായതോടെ പുനസ്ഥാപിച്ചില്ല. വാട്ടർ അതോറിറ്റിയുടെ ജലവിതരണ സംവിധാനം വഴി പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലാണ് പൂട്ടു വീണത്.
പഞ്ചായത്ത് പ്രതിഫലമൊന്നും വാങ്ങാതെ ഒരു സ്വകാര്യ വ്യക്തിക്കാണ് ടോയ്‌ലെറ്റിന്റെ നടത്തിപ്പ് ചുമതല നല്കിയിരിക്കുന്നത്.
നിലവിൽ പട്ടിമറ്റത്ത് ടൗണിലെത്തുന്നവരുടെ 'ശങ്ക' തീർക്കാൻ മറ്റു പൊതു ടോയ്‌ലെറ്റുകളൊന്നും തന്നെ സമീപത്തില്ല. ടോയ്‌ലെറ്റ് കൃത്യമായി തുറക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടൗണിലെത്തുന്ന ദീർഘ ദൂര യാത്രക്കാരായ നിരവധി പേർക്ക് ആശ്വാസമായിരുന്നു ടോയ്‌ലെറ്റ്. അടച്ചു പൂട്ടിയതോടെ പൊതുസ്ഥലം ഉപയോഗിക്കുന്ന യാത്രക്കാർ ഏറെയാണ്. ഇത് സമീപത്തെ വ്യാപാരികൾക്കും ടാക്സി ഡ്രൈവർമാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.