കൊച്ചി: തീപിടിത്തമുണ്ടായ എറണാകുളം സൗത്ത് റെയിൽവേ മേല്ലപാത്തിന് സമീപത്തെ ആക്രി ഗോഡൗണിൽ ഇന്നലെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തി. രാവിലെ 10.45ന് ആരംഭിച്ച പരിശോധന ഒന്നേകാൽ മണിക്കൂർ നീണ്ടു. എറണാകുളം ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.ജെ തോംസൺ, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഡി.എസ്. ധനുസ് എന്നിവർ നേതൃത്വം നൽകി. രക്ഷപ്പെട്ട നേപ്പാൾ സ്വദേശികളായ ഒമ്പത് തൊഴിലാളികളുടെയും സമീപവാസികളുടെയും മൊഴികൾ വരുംദിസങ്ങളിൽ രേഖപ്പെടുത്തും. കെ.എസ്.ഇ.ബിയുടെ റിപ്പോർട്ടും പഠിച്ചതിനുശേഷം തീപിടിത്തത്തിന്റെ അന്തിമറിപ്പോർട്ട് കൈമാറും.
തീപിടിത്തമുണ്ടായതിൽ സൗത്ത് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഗോഡൗൺ ഉടമ രാജുവിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇന്നലെ പൊലീസിന്റെ ഫോറൻസിക് സംഘവും ഗോഡൗണിൽ പരിശോധന നടത്തിയിരുന്നു. പതിനഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തീപിടിത്തത്തെക്കുറിച്ച് അഗ്‌നി രക്ഷാസേനയും റിപ്പോർട്ട് തയ്യാറാക്കും.
ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. സമീപത്തെ വീടും ഭാഗികമായി നശിച്ചു. നേപ്പാൾ സ്വദേശികളായ ഒമ്പത് തൊഴിലാളികളും അപകടംനടക്കുമ്പോൾ ഗോഡൗണിനുള്ളിലായിരുന്നു. ഗാന്ധിനഗർ ഫയർഫോഴ്‌സ് യൂണിറ്റും സൗത്ത് പൊലീസും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു.