
ആലുവ: ആലുവ മുനിസിപ്പൽ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി നഗരസഭയുടെ വിശദീകരണം തേടി. ഇതോടെ ജെബി മേത്തർ എം.പിയുടെ ഫണ്ടിൽ നിന്നും 1.53 കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ആർട്ടിഫിഷ്യൽ ടർഫാക്കുന്ന പദ്ധതി അനിശ്ചിതത്വത്തിലാകും.
സി.പി.എം ആലുവ ഏരിയാ കമ്മിറ്റി അംഗം രാജീവ് സഖറിയയാണ് ഹർജി നൽകിയത്. പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും കായിക വിനോദത്തിനും വ്യായാമത്തിനും പരിശീലനത്തിനും മത്സരങ്ങൾക്കും ആശ്രയിക്കുന്നത് മുനിസിപ്പൽ ഗ്രൗണ്ടിനെയാണ്. പ്രകൃതിദത്ത പുൽത്തകിടി മാറ്റി സിന്തറ്റിക് ടർഫ് പാകി ഫുട്‌ബാളിന് മാത്രമായി ഗ്രൗണ്ടിനെ ഉപയോഗിക്കുന്നതിനാണ് നഗരസഭയുടെ നീക്കമെന്നാണ് ഹർജിക്കാരന്റെ വാദം.
ആർട്ടിഫിഷൽ ടർഫ് നിർമ്മിക്കുമ്പോൾ വലിയ രീതിയിലുള്ള മെയിന്റനൻസ് ചെലവുണ്ടാകും. ആലുവ നഗരസഭയ്ക്ക് ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും നൽകാൻ കഴിയുന്നില്ലെന്ന് ഹർജിക്കാരനായ രാജീവ് സക്കറിയ ചൂണ്ടികാട്ടി. അഭിഭാഷകനായ എം. ജനാർദന ഷേണായി ഹർജിക്കാരന് വേണ്ടി ഹാജരായി.