ആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായി. പദ്ധതിക്കായി 569.34 കോടി രൂപയുടെ അനുമതി ലഭിച്ചു.

നിർവഹണ ഏജൻസിയായ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷന് കിഫ്ബി പണം കൈമാറിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് 22 വർഷം മുമ്പാണ് സർക്കാർ നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. തുടർന്ന് മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും മറ്റു ചികിത്സാ ചിലവുകൾക്കുമായി സ്ഥലം വില്ക്കുവാനോ പുതിയവീടുകൾ നിർമ്മിക്കുവാനോ സാധിക്കാതെ ഭൂവുടമകൾ സാധിച്ചിരുന്നില്ല.

അൻവർ സാദത്ത് എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും മുഖ്യമന്തി, ധനമന്ത്രി, റവന്യൂ മന്ത്രി എന്നിവരെ നേരിട്ടു കണ്ടു ആവശ്യപ്പെടുകയും ചെയ്തതോടെയാണ് നടപടി. ഭൂവുടമകൾ സംഘടന രൂപീകരിച്ച് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞയാഴ്ച കളക്ട്രേറ്റിന് മുമ്പിൽ പ്രത്യക്ഷ സമരം നടത്തി. ഇതോടെ റവന്യൂ നടപടി വേഗത്തിലായി.

 പണം റവന്യു വകുപ്പിന് ഇന്ന് കൈമാറും

ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും. തുടർന്ന് സർക്കാർ അംഗീകാരം ലഭ്യമാക്കി സ്ഥലം ഉടമകളുമായി ഹിയറിംഗ് നടത്തി നഷ്ടപരിഹാര വിതരണം ചെയ്യും.

ഏറ്റെടുക്കേണ്ടത് 76.10 ഏക്കർ

റോഡ് നിർമ്മാണത്തിനായി 76.10 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 28 വീടുകളും ( 4 വീടുകളോടനുബന്ധിച്ച് കടകളുമുണ്ട്) ആറ് വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം. സ്ഥലം ഏറ്റെടുക്കുന്നതിനും പൊളിക്കുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരമായും റോഡിന്റെ നിർമ്മാണത്തിനുമായി 649 കോടി രൂപയാണ് വേണ്ടത്.

നിർമ്മാണത്തിന് 102.88 കോടി

രണ്ടാംഘട്ടം റോഡ് നിർമ്മാണത്തിന് 102.88 കോടി രൂപയാണ് വേണ്ടത്. കൂടാതെ മഹിളാലയം പാലം മുതൽ എയർപോർട്ട് വരെ മൂന്നാംഘട്ട നിർമ്മാണത്തിന് 4.5 കിലോമീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിന് 210 കോടി രൂപയും വേണം.