
മൂവാറ്റുപുഴ: നഗരസഭയിലെ 16-ാം വാർഡിലെ മണ്ണാൻകടവിലേക്ക് പോകുന്ന റോഡിലെ തോട് പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മഴക്കാലത്ത് തോട്ടിലൂടെ വെള്ളം നിറഞ്ഞൊഴുകി സമീപവാസികൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നതുമായി ബാന്ധപെട്ട് വാർഡ്കൗൺസിലർ വി .എ. ജാഫർ സാദിഖ് നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് ഭൂരേഖ തഹസീൽദാർക്ക് നഗരസഭ സെക്രട്ടറി നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് താലൂക്ക് സർവെയർ സ്ഥലത്തെ തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി പ്ലാനും സ്കെച്ചും റിപ്പോർട്ടും നഗരസഭാ സെക്രട്ടറിക്ക് കൈമാറി. രേഖകൾ സഹിതം കൈയേറ്റ ഭൂമി ഒഴിപ്പിച്ച് നൽകണമെന്നാവശ്യപെട്ട് കളക്ടർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
 ഭൂമി റീസർവേ ചെയ്യും.
സ്ഥലം റീ സർവേ നടത്തുന്നതിന് ജില്ലാ സർവേ സൂപ്രണ്ടിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജാഫർ സാദിക്ക് അറിയിച്ചു. കൈയേറ്റ ഭൂമി അളന്ന് തിട്ടപെടുത്തുമ്പോൾ ഒരു വ്യക്തിയുടെ സ്ഥലത്തെ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റത്തിന്റെ യഥാർത്ഥ അളവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുയർന്നു. തുടർന്ന് താലൂക്ക് സർവെയർക്കെതിരെ നഗരസഭാ സെക്രട്ടറി ജില്ലാ കളക്ടർക്ക് പരാതി നൽകി. തുടർന്ന് ഈ സ്ഥലം ഒഴിവാക്കി വേണം മറ്റ് പുറമ്പോക്ക് ഭൂമി ഒഴുപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.