കൊച്ചി: എറണാകുളം അതിരൂപതയിലെ നാല് പള്ളികളിൽ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ നിയമിച്ച അഡ്മിനിസ്‌ട്രേറ്റർമാരെ ഒരുവിഭാഗം വിശ്വാസികൾ ഉപരോധിച്ചു. വികാരിമാർ തുടരുമ്പോൾ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നത് ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാനാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
തൃപ്പുണിത്തുറ ഫൊറോന, പാലാരിവട്ടം സെന്റ് മാർട്ടിൻ, കടവന്ത്ര മാതാനഗർ, മഞ്ഞപ്ര പള്ളികളിൽ ചുമതലയേൽക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റർമാരെയാണ് തടഞ്ഞത്. തൃപ്പുണിത്തുറയിൽ പൊലിസ് സന്നാഹത്തോടെ എത്തിയ ഫാ. കുര്യൻ ഭരണികുളങ്ങര പ്രതിഷേധം മൂലം തിരിച്ചുപോയി. പാലാരിവട്ടം പള്ളിയിൽ ഫാ. സക്കറിയാസ് പറനിലവും തിരിച്ചുപോയി. കടവന്ത്ര പള്ളിയിൽ ഫാ. ജോർജ് മൂഞ്ഞേലിയെയും തടഞ്ഞു. മഞ്ഞപ്ര പള്ളിയിലെ സഹവികാരി ഫാ. ജെഫിന്റെ സസ്‌പെൻഷൻ പിവലിക്കാതെ വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടനെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന് ഇടവകക്കാരും അറിയിച്ചു.
അതിരൂപതയിൽ നിരന്തരം അസ്വസ്ഥത സൃഷ്ടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി പറഞ്ഞു.