നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിക്കവേ പിടികൂടിയ അപൂർവ ഇനം പക്ഷികളെ കസ്റ്റംസിന്റെ നേതൃത്വത്തിൽ തായ്ലൻഡിലേക്ക് തിരിച്ചയച്ചു. ഇന്നലെ പുലർച്ചെ തായ് എയർവേയ്സിൽ തിരിച്ചയച്ച 14 പക്ഷികളെയും തായ്ലൻഡിലെ ആനിമൽ ക്വാറന്റൈൻ അതോറിട്ടി ഏറ്റുവാങ്ങി.

ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം കോവളം പാച്ചല്ലൂർ സ്വദേശി ബിന്ദുമോൾ, വളർത്തുമകൻ ശരത്കുമാർ എന്നിവരിൽ നിന്ന് വംശനാശം നേരിടുന്നത് ഉൾപ്പെടെ നാല് ഇനം പക്ഷികളെ ബാഗേജിൽ ഒളിപ്പിച്ച നിലയിൽ കസ്റ്റംസ് കണ്ടെത്തിയത്. 25,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളാണിവ.

വൈൽഡ് ലൈഫ് - വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പക്ഷികളുടെ പരിചരണം ഉറപ്പാക്കിയിരുന്നു. വായു കടക്കാവുന്ന കണ്ടെയ്‌നറുകളിൽ പായ്‌ക്ക് ചെയ്താണ് തിരിച്ചയച്ചത്. പ്രതികളെ പെരുമ്പാവൂർ കോടതി 17വരെ റിമാൻഡ് ചെയ്തു. ബിന്ദുമോളെ കാക്കനാട് ജയിലിലേക്കും ശരത് കുമാറിനെ ആലുവ സബ് ജയിലിലേക്കും മാറ്റി.

നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ സുഹൃത്ത് ഏല്പിച്ച രണ്ട് ബാഗുകളിൽ ഒന്നിലാണ് പക്ഷികൾ ഉണ്ടായിരുതെന്നാണ് ഇവരുടെ മൊഴി. കൊച്ചിയിലെത്തുമ്പോൾ ഒരാളെത്തി ബാഗുകൾ കൈപ്പറ്റുമെന്നും ഇയാൾ അറിയിച്ചിരുന്നു.

ആർട്ടിസ്റ്റുകൾക്ക് ഡെക്കറേഷന് വേണ്ട സാധനങ്ങളും സൗണ്ട് സിസ്റ്റവും ഏർപ്പാടാക്കികൊടുക്കുന്ന ബിസിനസുകാരായ ബിന്ദുവും ശരത്തും കൊട്ടാരക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്.

ഇടനിലക്കാരനായി അന്വേഷണം

പക്ഷിക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരനെന്ന് കരുതുന്ന കോഴിക്കോട് സ്വദേശി കണ്ണനു വേണ്ടി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ മൊഴി പ്രകാരം കാലടി റേഞ്ച് ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബിന്ദുവിനും ശരത്തിനും തായ്‌ലൻഡിലേക്ക് വിമാന ടിക്കറ്റും താമസസൗകര്യവുമെല്ലാം ഏർപ്പാടാക്കി നൽകിയത് കണ്ണനാണ്. ഇവർക്ക് ഒരാഴ്ച്ചയിലേറെ ബാങ്കോക്കിൽ തങ്ങാൻ സഹായം നൽകിയത് കണ്ണന്റെ സുഹൃത്തുക്കളാണ്.