
കൊച്ചി: ഭൂലോകത്തിന്റെ മാത്രമല്ല, നൃത്തത്തിന്റെയും സ്പന്ദനം കണക്കിലാണെന്ന് പ്രശസ്ത നർത്തകൻ പ്രവീൺ കുമാർ. കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി നടന്ന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗൺഹാളിലെ സ്റ്റേജും ശബ്ദ സംവിധാനവും സംഘാടന മികവും ഉയർന്ന നിലവാരം പുലർത്തിയെന്ന് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി പറഞ്ഞു. ദിവ്യ ഉണ്ണി ഉൾപ്പെടെ 60 പേർ നാലു ദിവസമായി നടന്ന ശില്പശാലയിൽ പങ്കെടുത്തു. ദിവ്യയുടെ മകൾ നാലു വയസുകാരി ഐശ്വര്യ മുതൽ 60 കാരി ധനലക്ഷ്മി റാവു വരെ ശില്പശാലയിൽ ചുവടുവച്ചു. ഐ.ടി, അഭിഭാഷകർ, സ്കൂൾ, കോളേജ് വിദ്യാത്ഥികൾ, വീട്ടമ്മമാർ,നൃത്ത അദ്ധ്യാപകർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ ശില്പശാലയിൽ പങ്കെടുത്തു.