തൃപ്പൂണിത്തുറ: പൂർണത്രയീശ ക്ഷേത്രത്തിൽ ആദ്യമായി പ്രവേശിച്ച നാലംഗ ദളിത് സംഘത്തിലെ അവസാന ആളായ കോട്ടപ്പുറത്ത് കെ. കൃഷ്ണൻ (89, റിട്ട. കളക്ടറേറ്റ്) നിര്യാതനായി. കോട്ടപ്പുറത്തെ കർഷക തൊഴിലാളികളായ കുമാരന്റെയും മാധവിയുടെയും മൂത്തമകനാണ്. ഭാര്യ: പരേതയായ സുമതി. മക്കൾ: മണി, സുഗുണൻ, സുലേഖ, പരേതയായ കമല. മരുമക്കൾ: ശാന്ത, ഉഷ, അശോകൻ, അനിരുദ്ധൻ.
വിടവാങ്ങിയത് വിപ്ലവ നായകൻ
തൃപ്പൂണിത്തുറ ബോയ്‌സ് സ്കൂളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികളായിരുന്ന പത്മാക്ഷൻ, കുഞ്ഞപ്പൻ, തങ്കപ്പൻ എന്നിവർക്കൊപ്പം കൃഷ്ണൻ തെക്കേ ഗോപുരവാതിലിലൂടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പിന്നാക്ക ജാതിക്കാരെ ക്ഷേത്രത്തിൽ കണ്ടതോടെ സവർണർ ഓടിമാറി. എന്നാൽ കോട്ടയ്ക്കകത്തെ പുരോഗമന ചിന്താഗതിക്കാരായ ചിലർ ഇവർക്ക് ക്ഷേത്രംചുറ്റിക്കാണാൻ അവസരം ഒരുക്കി.
അന്ന് സ്കൂളിലേക്കുള്ള വഴികൾപോലും ഉപയോഗിക്കാൻ ദളിതർക്ക് അനുവാദമില്ലായിരുന്നു. ക്ഷേത്രത്തിന് പിന്നിലെ കോട്ടപ്പുറത്ത് താമസിച്ചിരുന്ന കൃഷ്ണനും കൂട്ടുകാരും കോട്ടപ്പുറത്തെ പുഴതാണ്ടി താലൂക്കാശുപത്രിക്ക് പിന്നിലൂടെ അന്ധകാരത്തോട് കടന്നാണ് സ്കൂളിലേക്ക് വന്നിരുന്നത്.
പിന്നീട് പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ കൃഷ്ണൻ കല്ലുവെച്ചുകാട് നടന്ന കർഷക തൊഴിലാളി സമരത്തിനും നേതൃത്വം നൽകി. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായി മാറിയ കൃഷ്ണൻ കർഷക തൊഴിലാളി യൂണിയൻ തൃപ്പൂണി ത്തുറ വില്ലേജ് സെക്രട്ടറി, സി.പി.എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.