
അങ്കമാലി :ദേശീയപാത അധികതരുടെ ഉറപ്പ് ജലരേഖയായി കോതകുളങ്ങര മുതൽ അങ്ങാടിക്കടവ് ജംഗ്ഷൻ വരെയുള്ള ദേശീയ പാതയിൽ അപകടങ്ങൾ പതിവായി. കോതകുളങ്ങര അമ്പലം മുതൽ അങ്ങാടിക്കടവ് ജംഗ്ഷൻ വരെ റോഡിനൊരു വശം ഒരിടിയോളം ഇടിഞ്ഞ നിലയിലാണ്. വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. വലിയ വാഹനങ്ങൾ തെന്നിമാറി അപകടമുണ്ടാകുന്നു.
ജീവൻ പണയം വച്ചാണ് ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങളുടെസഞ്ചാരം. നാഷണൽ ഹൈവേയോട് ചേർന്നുള്ള കാന പൊട്ടിപൊളിഞ്ഞ നിലയിലാണ്. കാനകൾക്കു മുകളിലെ സ്ലാബും പൊട്ടിപൊളിഞ്ഞു കിടക്കുന്നു. കാനയുടെ മുകളിൽ കാടുമൂടിക്കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് അപകടമുണ്ടാകുന്നതും പതിവാണ്. അപകടസാദ്ധ്യത പതിയിരിക്കുന്ന ഒട്ടെറെ വലിയ കുഴികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.
ഗതാഗതക്കുരുക്കും രൂക്ഷം
ശബരിമല സീസൺ കൂടിയായതിനാൽ കോതകുളങ്ങര ക്ഷേത്രം ജംഗ്ഷൻ മുതൽ അങ്ങാടിക്കടവ് ജംഗ്ഷൻ വരെ യാത്ര ചെയ്യുന്നതിന് മണിക്കുറുകൾ ഗതാഗതക്കുരുക്കിൽ കിടക്കണം. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ തിരുമാനപ്രകാരം അധികൃതർ പാലക്കാട് എൻ.എച്ച്.എ. ഓഫീസിൽ നേരിൽ സന്ദർശിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയിരുന്നു. കൗൺസിലിന്റെ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് നൽകി. ഇതിന്റെ ഭാഗമായി നാഷണൽ ഹൈവേ അധികാരികൾ സ്ഥലം സന്ദർശിച്ച് മൂന്ന് മാസത്തിൽ ഒരിക്കൽ മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്താമെന്ന് ദേശീയ പാതാ അധികൃർ ഉറപ്പ് നൽകി.
ഇരുചക്രവാഹനങ്ങൾ കാനയിലേക്ക് വീണുള്ള അപകടം നിത്യസംഭവമാണ്. അടിയന്തരമായി കുഴികൾ അടച്ച് റോഡും വശങ്ങളും തമ്മിച്ചുള്ള ഉയര വ്യത്യാസം കുറക്കാൻ ദേശീയപാത അധികൃതർ തയ്യാറാകണം.
രാജീവ് വാക്കയിൽ,
പ്രസിഡന്റ്
കോതകുളങ്ങര ഈസ്റ്റ് റെസിഡന്റ്സ് അസോ.
നിലവിലെ ഈ അപകട സ്ഥിതി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. ജി എസ്.പി മിശ്രിതം ഇട്ട് റോഡിന്റെ വലിയ കുഴികൾ അടക്കണം.
കെ.കെ. സലി
മുൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അങ്കമാലി നഗരസഭ