
മണ്ണൂർ: അപകട മുനമ്പിലുണ്ടായിരുന്ന പുല്ലുവഴി ഡബിൾപാലം പുനർനിർമ്മാണ ടെൻഡർ നടപടികൾ പൂർത്തിയായതോടെ പാലം പൊളിക്കാൻ തീരുമാനമായി. ശബരിമല സീസൺ പൂർത്തിയായി ജനുവരി 20ന് ശേഷം പൊളിക്കാനാണ് തീരുമാനം. വാഹന ഗതാഗതം വഴി തിരിച്ചു വിടുമ്പോഴുണ്ടാകുന്ന ട്രാഫിക് പ്രശ്നങ്ങളെ മുൻനിറുത്തിയാണ് തീരുമാനം വൈകിപ്പിച്ചത്. ഉടനടി പാലം പൊളിക്കണമെന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. 82 കോടി രൂപയാണ് പാലം പുനർ നിർമ്മാണ കരാർ തുക.
2019ൽ മനുഷ്യാവകാശ കമ്മിഷനിലും തുടർന്ന് കേരള ഹൈക്കോടതിയിലും പരിസ്ഥിതി സംരക്ഷണ കർമസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് ഇരട്ടപ്പാലം ഒറ്റപ്പാലമാക്കി പുതുക്കിപ്പണിയുന്നതിനായി നിർദ്ദേശം വന്നിരുന്നു.
ശബരിമല സീസൺ ആരംഭിച്ചതോടെ എം.സി റോഡ് വഴി വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തു. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുമ്പോൾ മണ്ണൂർ പടിഞ്ഞാറേ കവലയിലെ അപകടസാദ്ധ്യത പതിന്മടങ്ങ് വർദ്ധിക്കുമെന്നും ആശങ്കയുണ്ട്.
166 വാഹനാപകടങ്ങളിൽ 27 മരണം
2019 വരെയുള്ള 10 വർഷങ്ങളിൽ ഇവിടെയുണ്ടായ 166 വാഹനാപകടങ്ങളിൽ 27 പേർ മരിച്ചു. തുടക്കത്തിൽ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിലാണ് നിലവിലുള്ള രണ്ടു പാലങ്ങളും ചേർത്ത് ഒറ്റപ്പാലമാക്കി പുനർനിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ 2019ൽ കമ്മിഷൻ ചെയർമാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയത്. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാൻ കാലതാമസമുണ്ടായതോടെ പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചു.
ഗതാഗതക്രമികരണം
മൂവാറ്റുപുഴ നിന്നും പെരുമ്പാവൂർ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ മണ്ണൂർ പോഞ്ഞാശ്ശേരി റോഡുവഴി കർത്താവിൻപടിയിലെത്തി പുല്ലുവഴിയിലേക്ക് പോകണം.
വാഹനങ്ങൾ വഴി തിരിച്ച് വിടുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന നടപടികൾ സ്വീകരിക്കണം
എൽദോസ് കുന്നപ്പിള്ളി
എം.എൽ.എ