കൊച്ചി: വ്യാജ വിസയിൽ കൊച്ചിയിലെത്തിയ ആഫ്രിക്കൻ യുവതി പൊലീസ് പിടിയിലായി. കെനിയൻ സ്വദേശിനി എമിലി ഞെറിയെയാണ് (39) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. ചികിത്സയ്ക്കായി എത്തിയ ഇവർ വിസയുടെ കാലാവധി പൂർത്തിയായിട്ടും കൊച്ചിയിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലിൽ മുറിയെടുക്കാനെത്തിയപ്പോഴാണ് കുടുങ്ങിയത്. പാസ്‌പോർട്ടിന് കാലാവധി ഉണ്ടായെങ്കിലും വിസ വ്യാജമായിരുന്നു. തുടർന്ന് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അറിയിച്ചതിനെ തുടർന്ന് ഫോറിനേഴ്‌സ് റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ) നിന്നുള്ള സംഘമെത്തി പാസ്‌പോർട്ടും വിസയും പരിശോധിച്ചു. വിസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.