
ഉദ്ഘാടനം ഡിസംബർ 14ന്
കൊച്ചി: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ മാൾ കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് ശേഷമാണ് കോട്ടയത്തും തുറക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന മിനി മാളാണ് കോട്ടയത്ത് സജ്ജമാക്കുന്നത്.
കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്. തൃശൂർ തൃപ്രയാറിൽ ലുലുവിന്റെ വൈ മാളും പ്രവർത്തിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ സാന്നിദ്ധ്യവും വിനോദ, ഭക്ഷണ വൈവിദ്ധ്യത്തിന്റെ ആകർഷണങ്ങളും കോട്ടയം മാളിനെ ശ്രദ്ധേയമാക്കും. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫെ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജുവലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകൾ മാളിലുണ്ടാകും.
മക്‌ഡോണൾഡ്സ്, കോസ്റ്റ കോഫീ, കെ.എഫ്.സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്പ്രസ്, മാമ എർത്ത്, ദി പൾപ്പ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ-ബെയ്ക്, അന്നപൂർണ തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികൾക്കായി ഫൺട്യൂറയുമുണ്ടാകും. 500പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്., ആയിരം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന മൾട്ടി-ലെവൽ പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടാകും.