ambalamkunnu-
എം.സി റോഡിലെ അപകടമേഖലയായ അമ്പലംകുന്ന് വളവ്

കൂത്താട്ടുകുളം: കൂത്താട്ടുകുളം ചോരക്കുഴി മുതൽ മീങ്കുന്നം വരെയുള്ള പ്രദേശത്തെ എം.സി റോഡിൽ വേണ്ടത്ര മുൻ കരുതലുകളോ ദിശാ ബോർഡുകളോ ഇല്ലാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരാതി ശക്തമാകുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ ഈ ഭാഗത്ത് വാഹനങ്ങളുടെ തിരക്ക് മൂലം ഗതാഗതം വളരെ കഠിനമായ അവസ്ഥയിലാണ്. കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 3 വർഷങ്ങൾക്കിടയിൽ 55 വലിയ അപകടങ്ങൾ നടന്നത്. ആറോളം ജീവനുകളും പൊലിഞ്ഞു. പോലീസ് സ്റ്റേഷനിൽ എത്താത്ത ചെറിയ അപകടങ്ങൾ ഇവിടെ നിത്യ സംഭവവുമാണ്. ചോരക്കുഴി ഭാഗത്ത് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കുടുംബത്തിലെ മൂന്നു പേരാണ് അപകടത്തിൽ മരിച്ചത്.

കൂത്താട്ടുകുളം നഗരത്തിലെ ശരിയല്ലാത്ത ട്രാഫിക് സംവിധാനമാണ് ടൗണിലെ അപകടങ്ങൾക്ക് പ്രധാന കാരണം. കൂത്താട്ടുകുളം അമ്പലംകുന്നിലെ വളവോട് കൂടിയ ഇറക്കവും അതിന് മുന്നേയുള്ള കയറ്റവും ബ്ലാക്ക് സ്പോട്ടുകളാണ്. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് ഗുരുതരമായ വീഴ്ച ആണ്. കൂടാതെ വളവുകളിൽ റോഡിനു മതിയായ വീതി ഇല്ലാത്തതും മീങ്കുന്നം മുതൽ കൂത്താട്ടുകുളം ടൗൺ ഭാഗംവരെ അപകട സാദ്ധ്യത വർധിപ്പിക്കുന്നു. നേരത്തെ ഈ ഭാഗത്ത് സോളാർ ലൈറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവ അറ്റകുറ്റപ്പണികൾ നടത്താത്തുമൂലം നാശമായ അവസ്ഥയിലാണ്. പലയിടങ്ങളിലും സാമൂഹിക വിരുദ്ധർ സോളാർ ലൈറ്റുകൾ നശിപ്പിക്കുകയും ബാറ്ററികൾ മോഷ്ടിക്കുകയും ചെയ്തതോടെ വഴിവിളക്കുകൾ വെറും പോസ്റ്റുകൾ മാത്രമായി മാറി.

അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക റോഡിന്റെ അലൈൻമെന്റ് പുനഃക്രമീകരിക്കുക ദിശാ ബോർഡുകൾ സ്ഥാപിക്കുകബ്ലാക്ക് സ്പോട്ടുകളിൽ മുന്നറിയിപ്പ് സംവിധാനം ഒരുക്കുക

ചോരക്കുഴി ചോരക്കളമായി ഇതിനു മുൻപും മാറിയിട്ടുണ്ട്. അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന ഇവിടം മുതൽ കൂത്താട്ടുകുളം പട്ടണത്തിലൂടെ കടന്നു പോകുന്ന എം.സി റോഡിന്റെ ആശാസ്ത്രീയ നിർമാണവും വളവുകളും ,ശരിയല്ലാത്ത അലൈൻമെന്റുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം

അനൂപ് ജേക്കബ്

എം.എൽ.എ

വേണ്ടത്ര വഴി വിളക്കുകളുടെ കുറവുകളും അവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും വളവുകളിൽ ഉണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങളും അപകടങ്ങൾക്ക് കാരണമായി മാറുന്നു

വിൻസെന്റ് ജോസഫ്

എസ്. എച്ച്.ഒ

കൂത്താട്ടുകുളം

രാത്രി കാലങ്ങളിൽ റോഡിലെ വില്ലന്മാർ തടിലോറികൾ. അമിത ഭാരം മൂലം ഇഴഞ്ഞു നീങ്ങുന്ന ഈ ലോറികളെ മറികടക്കാൻ ശ്രമിക്കുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.