കൊച്ചി: സ്മാർട്ട് കൊച്ചിയുടെ സ്മാർട്ട് മാർക്കറ്റിലേക്ക് ഉടനെ ഷോപ്പിംഗിന് പോകാം. കൊച്ചിയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റായ എറണാകുളം മാർക്കറ്റ് ഡിസംബർ 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയമാർക്കറ്റ് പൊളിച്ചുനീക്കി 2022 ജൂണിലാണ് നിർമ്മാണം തുടങ്ങിയത്. 9,990 ചതുരശ്ര മീറ്ററിൽ നാലുനിലകളിലെ മാർക്കറ്റ് സമുച്ചയത്തിൽ അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്. 1.63 ഏക്കറിലാണ് നിർമ്മാണം. 72.69 കോടിയാണ് പദ്ധതിച്ചെലവ്. പഴയ മാർക്കറ്റിലെ കച്ചവടക്കാരെ തൊട്ടടുത്തുതന്നെയാണ് താത്കാലികമായി പുന:രധിവസിപ്പിച്ചിട്ടുള്ളത്.
മാലിന്യ സംസ്‌കരണം
മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്കരിക്കാൻ മണപ്പാട്ടിപ്പറമ്പ് മാതൃകയിൽ ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റും സജ്ജമായി. ഐ.സി.എൽ.ഇയുടെ സഹകരണത്തോടെയാണ് മണപ്പാട്ടിപ്പറമ്പിൽ ഇത് സ്ഥാപിച്ചത്. അതേ മാതൃകയിൽ അതേ വലിപ്പത്തിലുള്ള ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റാണ് മാർക്കറ്റിലും സ്ഥാപിച്ചത്. ഒരുടൺമാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റിൽ നിന്നുള്ള വളമാണ് ഇപ്പോൾ സുഭാഷ് പാർക്കിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത്.
24 മണിക്കൂറും മാർക്കറ്റ് വൃത്തിയായി സൂക്ഷിക്കും
കച്ചവടക്കാരെ പുനരധിവസിപ്പിക്കും
പഴയ മാർക്കറ്റിലുണ്ടായിരുന്ന കച്ചവടക്കാരെ ആദ്യ രണ്ടുനിലകളിലായി പുനരധിവസിപ്പിക്കും. ഗ്രൗണ്ട്, ഒന്നാംനിലകളിലായി പച്ചക്കറി, പഴം വില്പനശാലകളും മീൻ-മാംസം മാർക്കറ്റുകളും പ്രവർത്തിക്കും. മൂന്നാംനില കോർപ്പറേഷനുള്ളതാണ്. അവിടെ ഓഫീസുകൾക്കും ഗോഡൗണുകൾക്കും സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി സൗകര്യങ്ങൾക്കുപുറമെ മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കും. കയറ്റിറക്കിനായി ട്രക്ക് ബേയുണ്ട്.
മൾട്ടിലെവൽ പാർക്കിംഗ്
മാർക്കറ്റിൽ മൾട്ടിലെവൽ വാഹന പാർക്കിംഗിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പൈലിംഗ് ജോലികൾ നടക്കുകയാണ്. കൊച്ചി നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗര്യമാണ് ഇവിടെയൊരുങ്ങുക.
മാർക്കറ്റ് നിർമ്മാണം
ചെലവ്: 72.69 കോടി
ചതുരശ്ര അടി: 9990
നിർമ്മാണം 1.63 ഏക്കറിൽ
മൾട്ടിലെവൽ പാർക്കിംഗ് ചെലവ്: 24.65 കോടി
പാർക്ക് ചെയ്യാവുന്നവ: കാർ 120, ബൈക്ക് 100
കഴിഞ്ഞദിവസം സംഘാടകസമിതി യോഗംചേർന്നു. ജനപ്രതിനിധികൾ, മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ്, എറണാകുളം മർച്ചന്റ്‌സ് ചേംബർ, വിവിധ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ, ചുമട്ടു തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
എം.അനിൽകുമാർ
മേയർ