തൃപ്പൂണിത്തുറ: പൂത്തോട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ആശുപത്രി വികസന സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഒന്നരവർഷമായി നടത്തിയ പോരാട്ടം വിജയത്തിലേക്ക്. പുതിയ ഇരുനിലക്കെട്ടിടത്തിൽ ലിഫ്റ്റും റാമ്പും സ്ഥാപിച്ചാൽ കിടത്തിചികിത്സ പുനരാരംഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. കെ. ബാബു എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സമിതി ഭാരവാഹികൾ ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന് മറുപടിയായാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനാലാണ് ഐ.പി സൗകര്യം നിറുത്തലാക്കിയത്.
കഴിഞ്ഞ മേയിൽ വികസന സംരക്ഷണസമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഡി.എം.ഒ നല്കിയ എതിർസത്യവാങ്മൂലത്തിൽ കിടത്തി ചികിത്സയ്ക്ക് ലിഫ്റ്റ്, റാമ്പ് എന്നിവ നിർബന്ധമായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിൽ ഉടനെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള നടപടിയെടുക്കുമെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.
2023 ജൂലായിൽ വി.ആർ. ശശിയുടെ വീട്ടിൽ 12പേർ ചേർന്ന് രൂപീകരിച്ച സമിതി ആശുപത്രിപ്രശ്നം ഏറ്റെടുത്തു. പിന്തുണയുമായി നാടൊന്നാകെ അണിനിരന്നു. കേസ് ഏറ്റെടുത്തു നടത്താനും നിയമോപദേശങ്ങൾ നൽകാനും ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉൾപ്പെടെയുള്ളവർ തയ്യാറായി. എം.പി. ജയപ്രകാശൻ (ചെയർമാൻ), കെ.ടി. വിമലൻ (ജനറൽ കൺവീനർ), എം.പി. ഷൈമോൻ (രക്ഷാധികാരി) എന്നിവർ സമിതിക്കുവേണ്ടി ഹൈക്കോടതിയിൽ നൽകിയ കേസ്ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ്.
ആശുപത്രിയുടെ ചരിത്രം
44 കിടക്കകളുള്ള ആശുപത്രിയിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 31 ജീവനക്കാരുണ്ട്. 2020 മാർച്ച് 10 മുതൽ ഇവിടെ കിടത്തിചികിത്സ ഇല്ല. ഇവിടത്തെ 13 ജീവനക്കാരെ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി എഴിക്കര, മുളന്തുരുത്തി, കീച്ചേരി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് സ്ഥലംമാറ്റി.
ശരാശരി 300 ൽ അധികം പേർ ഒ.പി സൗകര്യം പ്രയോജനപ്പെടുത്തുന്നു. ഉദയംപേരൂർ, ചെമ്പ്, പെരുമ്പളം, ആമ്പല്ലൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ആശ്രയം
ആശുപത്രിക്ക് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന 7000 ൽ പരം വിദ്യാർത്ഥികൾക്കും പ്രയോജനം
ആരോഗ്യവകുപ്പിന്റെ തീരുമാനം നിരന്തരമായ സമരങ്ങൾക്ക് കിട്ടിയ അംഗീകാരമാണ്. കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതോടെ പ്രദേശവാസികൾക്ക് ഗുണകരമാകും.
കെ.ടി. വിമലൻ (ജനറൽ കൺവീനർ),
ആശുപത്രി വികസന സംരക്ഷണസമിതി