church

കൊച്ചി: ആറ് പള്ളികൾ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശം സർക്കാരിന് വെല്ലുവിളിയും യാക്കോബായസഭയ്‌ക്ക് പ്രതിസന്ധിയുമാകും. പതിറ്റാണ്ടുകളായി കൈവശം വയ്ക്കുന്ന പള്ളികളും അനുബന്ധ സ്ഥാപനങ്ങളും നഷ്‌ടമാകുന്നത് സംഘർഷത്തിന് വഴിതെളിയിക്കുമെന്നാണ് ആശങ്ക.

എറണാകുളത്തെ പുളിന്താനം, ഓടക്കാലി, മഴുവന്നൂർ, പാലക്കാട്ടെ മംഗലം ഡാം, ചെറുകുന്നം, എരിക്കുംചിറ എന്നീ പള്ളികളുടെ അവകാശം കൈമാറാനാണ് യാക്കോബായസഭയ്ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ഭരണച്ചുമതല കൈമാറിയശേഷം സത്യവാങ്‌മൂലം സമർപ്പിക്കാനും യാക്കോബായസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവ് പരിശോധിച്ചശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്ന് യാക്കോബായസഭാ വൃത്തങ്ങൾ പറഞ്ഞു. സഭയുടെ ബന്ധപ്പെട്ട കമ്മിറ്റികൾ ചേർന്ന് ഭാവിനടപടി തീരുമാനിക്കും.

സഭാതലവൻ ശ്രേഷ്‌ഠബാവ ബസേലിയോസ് പ്രഥമൻ കതോലിക്ക കാലം ചെയ്‌തതിന്റെ വേദന മാറുംമുമ്പാണ് ആറ് പള്ളികൾ നഷ്‌ടമാകുന്നതെന്നത് വിശ്വാസികൾക്കും വിഷമകരമാണ്.

 കൈമാറേണ്ടത് പഴക്കമുള്ള പള്ളികൾ

കൈമാറേണ്ട പള്ളികൾ വലുതല്ലെങ്കിലും വർഷങ്ങളുടെ പഴക്കമുള്ളതാണ്. 350 മുതൽ 500ലേറെ കുടുംബങ്ങളുള്ള ഇടവകപ്പള്ളികളാണ് കൈമാറേണ്ട്. ഇവിടങ്ങളിൽ പത്തിൽ താഴെ ഓർത്തോക്സ് കുടുംബങ്ങൾ മാത്രമാണുള്ളത്. അത്തരം പള്ളികൾ കൈമാറുന്നതിനോട് വിശ്വാസികൾ ഏതുരീതിയിൽ പ്രതികരിക്കുമെന്ന് പറയാനാവില്ല. മുമ്പും ഇത്തരത്തിൽ ഉത്തരവുകൾ വന്നിട്ടുള്ളതിനാൽ ആലോചിച്ച് നടപടി തീരുമാനിക്കുമെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു. തങ്ങളുടെ പൂർവികരെ സംസ്‌കരിച്ച സെമിത്തേരി ഉൾപ്പെടെ നഷ്‌ടമാകുന്നത് വൈകാരിക പ്രതികരണം സൃഷ്‌ടിക്കുമെന്ന് ആശങ്കയുണ്ട്. പള്ളികൾ നഷ്‌ടമായാൽ ശുശ്രൂഷകൾക്കും ആരാധനയ്ക്കും ദൂരെയുള്ള യാക്കോബായ പള്ളികളിൽ പോകേണ്ടിവരും.

 17 ന് കേസ് വീണ്ടും

ഈമാസം 17ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഏറ്റെടുത്തു കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടില്ല. യാക്കോബായസഭ കൈമാറിയില്ലെങ്കിൽ ഏറ്റെടുത്ത് കൈമാറാൻ സർക്കാരിനോട് ഉത്തരവിട്ടാൽ നടപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾ അടിയന്തരനടപടി സ്വീകരിക്കേണ്ടിവരും. ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണത്തിൽ ഏറ്റെടുക്കൽ നടപടി സ്വീകരിക്കേണ്ടിവരും. ഇത് സംഘർഷത്തിനും വഴിതെളിച്ചേക്കും.

കൈമാറേണ്ട പള്ളികൾ

എറണാകുളം

1. പുളിന്താനം പള്ളി

2. ഓടക്കാലി പള്ളി

3. മഴുവന്നൂർ പള്ളി

പാലക്കാട്ട്

1. മംഗലം ഡാം പള്ളി

2. ചെറുകുന്നം പള്ളി

3. എരിക്കുംചിറ പള്ളി