chairman
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥ അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

അങ്കമാലി: നഗരസഭയുടെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വിളംബര ജാഥയും ബിഗ് ക്യാൻവാസും സംഘടിപ്പിച്ചു. അങ്കമാലി ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുമായി ആരംഭിച്ച ജാഥ അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷ സിനി മനോജ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, വാർഡ് കൗൺസിലർ റീത്ത പോൾ, അങ്കമാലി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സീന പോൾ, ഡയറ്റ് അദ്ധ്യാപിക രേവമ്മ ദാസ് , ബ്ലോക്ക് പ്രോജക്ട് ഓഫീസർമാരായ ഷീജ രത്‌നം , ബിജീഷ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കവാടത്തിൽ എത്തിച്ചേർന്ന പ്രചാരണ ജാഥയെ എറണാകുളം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് നടത്തി സ്വീകരിച്ചു. സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന ബിഗ് ക്യാൻവാസ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ സമാപനം ഡിസംബർ ആറാം തീയതി അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടത്തും.