 
പിറവം: പിറവം നഗരസഭയിലെ പ്രധാന ജല സ്രോതസായ ഇടപ്പള്ളിച്ചിറ കുളം നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. നാളുകളായി ചെളിയും പായലും നിറഞ്ഞ് അവഗണനയിലായിരുന്ന കുളം അമൃത് പദ്ധതിയിൽ നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. 25 സെന്റോളം വിസ്‌തൃതിയുള്ള കുളം കനത്ത വേനലിലും വറ്റാറില്ല. മുളക്കുളം പഞ്ചായത്തിലേക്ക് വെള്ളമെത്തുന്ന പാലച്ചുവട് വലിയ തോടിന്റെ ഉത്ഭവം കുളത്തിന്റെ സമീപത്തു നിന്നാണ്. നേരത്തെ വേനൽ കടുത്ത സമയത്ത് കുളത്തിനുള്ളിൽ കിണർ കുഴിച്ചാണ് കുടിവെള്ളമടക്കമുള്ള ആവശ്യങ്ങൾക്ക് വെള്ളം ശേഖരിച്ചിരുന്നത്. പിൽക്കാലത്ത് ജല അതോറിറ്റി കണക്ഷനുകൾ എത്തുകയും ലിഫ്റ്റ് ഇറിഗേഷൻ കനാലിലൂടെ വെള്ളം സുലഭമാകുകയും ചെയ്തതോടെയാണ് കുളം വിസ്‌മൃതിയിലായത്. പിന്നീട് ചെളിയും പായലും നിറഞ്ഞു. ഓരങ്ങളിലെ സംരക്ഷണ ഭിത്തിയും ജീർണാവസ്ഥയിലായി. ഇപ്പോൾ കുളിക്കുന്നതിനും വസ്ത്രം നനക്കുന്നതിനും മാത്രമാണ് കുളം ഉപയോഗിക്കുന്നത്.
55 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പാർക്ക്, ഓപ്പൺ ജിം എന്നിവ പൂർത്തിയാകുന്നതോടെ പിറവം നഗരസഭയിലെയും സമീപ മുൻസിപ്പൽ - പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഇടപ്പള്ളിച്ചിറ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ
അജേഷ് മനോഹർ
കൗൺസിലർ
നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തിയും കൈവരികളുടെ നിർമാണവും നടപ്പാതയിലെ ടൈൽ വിരിക്കലും പൂർത്തിയായി കുളം നവീകരണത്തോടൊപ്പം ഓരത്തുള്ള സ്ഥലം നവീകരിച്ച് പാർക്ക്, ഓപ്പൺ ജിം എന്നിവയും അലങ്കാര ലൈറ്റുകളും സ്ഥാപിക്കും വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള സൗകര്യങ്ങളും ക്രമീകരിക്കും