 
മൂവാറ്റുപുഴ: ക്രിസ്തുമസിനെ വരവേൽക്കാൻ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കോളേജിലെ മുഴുവൻ ജീവനക്കാരുടെയും ഫോട്ടോ പതിപ്പിച്ച ഭീമൻ സ്റ്റാറൊരുക്കി മൂവാറ്റുപുഴ നിർമല കോളേജ്. 55 അടി നീളവും 30 അടി വീതിയുമുള്ള സ്റ്റാറാണ് കോളേജിന്റെ മെയിൻ ബ്ലോക്കിൽ നിർമിച്ചിരിക്കുന്നത്. സ്റ്റാറിൽ കോളേജിലെ 3000 വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കോളേജിലെ മുഴുവൻ ജീവനക്കാരുടെയും ഫോട്ടോ പതിപ്പിച്ചതോടെയാണ് സ്റ്റാർ ശ്രദ്ധേയമാകുന്നത്. ഗ്രീൻ ക്യാമ്പസ് പദവി ലഭിച്ച കോളേജ് ആയതിനാൽ പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് സ്റ്റാറിന്റെ നിർമാണം. ഏകദേശം ഒരു മാസം സമയം എടുത്താണ് സ്റ്റാറിന്റെ നിർമാണം പൂർത്തിയാക്കിയത്. 'നിർമല സൂപ്പറാണ് വിദ്യാർഥികളെ സ്റ്റാറാക്കും" എന്നതാണ് സ്റ്റാറിലൂടെ നൽകുന്ന ആശയം. കോതമംഗലം രൂപതാ വികാരി ജനറലും കോളേജ് മാനേജറുമായ ഡോ. പയസ് മലേക്കണ്ടത്തിൽ സ്റ്റാറിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. ഇമ്മാനുവൽ എ.ജെ. ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, ഡിന്ന ജോൺസൻ എന്നിവർ സ്റ്റാറിന്റെ നിർമാണത്തിന് നേതൃത്വം നൽകി.