
ആലുവ: ശിവഗിരി മഠത്തിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ച് ആലുവ അദ്വൈതാശ്രമത്തിൽ അന്തേവാസിയായിരുന്ന സ്വാമിനി നാരായണ ചിദ്‌വിലാസിനി (71) സമാധിയായി. അർബുദ ബാധിതയായി രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ തെക്കേ വാഴക്കുളം ഗവ. സ്കൂളിന് സമീപത്തെ ബന്ധുവീട്ടിൽ വച്ചാണ് സമാധിയായത്. വാഴക്കുളം ബ്ളോക്ക് ഓഫീസിന് സമീപത്തെ സ്വാമിനിയുടെ സ്വന്തം വസതിയിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയുടെയും മേൽശാന്തി പി.കെ.ജയന്തന്റെയും മുഖ്യകാർമ്മികത്വത്തിൽ സമാധിയിരുത്തി.
2023 മേയിലാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്. ആലുവ തെക്കേ വാഴക്കുളം മേക്കര വീട്ടിൽ പരേതരായ കൃഷ്ണന്റെയും നാരായണിയുടെയും ഏകമകളാണ്. പൂർവാശ്രമത്തിൽ ശാരദയെന്നായിരുന്നു പേര്. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയായിരുന്നു.
സന്യാസ ദീക്ഷ സ്വീകരിക്കും മുമ്പേ ആലുവ അദ്വൈതാശ്രമവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അദ്വൈതാശ്രമം ബുക്ക് സ്റ്റാളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം വനിതാസംഘം യൂണിയൻ കൗൺസിലറും സൗത്ത് വാഴക്കുളം ശാഖാ പ്രസിഡന്റുമായിരുന്നു. ശാഖാ വൈസ് പ്രസിഡന്റും ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.