ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ 1.02 ഏക്കർ വരുന്ന അശോക ഗ്രൗണ്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗവും മിച്ചഭൂമിയായതിനാൽ ലൈഫ് പദ്ധതിക്കായി ഉപയോഗപ്പെടുത്തണമെന്ന് മറ്റൊരു വിഭാഗവും ആവശ്യമുന്നയിക്കുന്നതിനിടെ പത്താം തീയതി റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല ചർച്ച നടക്കും.

ഉച്ചക്ക് 12ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നടക്കുന്ന ചർച്ചയിൽ അൻവർ സാദത്ത് എം.എൽ.എ, റവന്യു, തദ്ദേശ സ്വയം ഭരണ വകുപ്പുദ്യോഗസ്ഥർ, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുക്കും. എന്നാൽ ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ ഭാരവാഹികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

പുത്തൻ തലമുറയുടെ കായിക സ്വപ്നമായ അശോകഗ്രൗണ്ട് കളിസ്ഥലമായി തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അൻവർ സാദത്ത് എം.എൽ.എ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ യുണൈറ്റഡ് അശോക ക്ലബ് മെമ്പറും മുൻപഞ്ചായത്ത് മെമ്പറുമായ ലിനേഷ് വർഗീസ്, ക്ലബ് സെക്രട്ടറി അനീഷ് മാറഞ്ചേരി എന്നിവരും പങ്കെടുത്തു.