പെരുമ്പാവൂർ: പെരുമ്പാവൂരിലെ തിരക്കേറിയ പഴയ വില്ലേജ് ഓഫീസിന് മുൻവശത്തെ റോഡിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ നാലുവരിയായി തിങ്ങിനിറഞ്ഞ് കടന്നു പോകുന്ന തിരക്കിയ റോഡിന്റെ വശത്ത് വർഷങ്ങളായി സ്ഥാപിച്ച ട്രാൻസ്ഫോമർ വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. ട്രാൻസ്ഫോർമറിന് ചുറ്റുമായികമ്പി കൊണ്ട് സുരക്ഷാ കവചം തീർത്തിട്ടുണ്ടെങ്കിലും പലതവണയായി വാഹനങ്ങൾ ഇടിച്ച് ഇത് തകർന്ന നിലയിലാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പെരുമ്പാവൂർ കാലടി കവലയോട് ചേർന്നാണ് ഈ ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്. കൈയെത്തിച്ചാൽ തൊടാൻ എന്ന അവസ്ഥയിലാണ് ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ നിലകൊള്ളുന്നത്.
വഴി യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്ന ട്രാൻസ്ഫോർമർ പഴയ വില്ലേജ് ഓഫീസ് കോമ്പൗണ്ടിനുള്ളിലേക്ക് മാറ്റി സ്ഥാപിച്ച് ജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ അധികൃതർ തയ്യാറാകണം
ടി.എം. നസീർ
പൊതു പ്രവർത്തകൻ