ആലുവ: സീപോ൪ട്ട് - എയ൪പോ൪ട്ട് റോഡ് എൻ.എ.ഡി - മഹിളാലയം ഭാഗത്തിന്റെ നിർമ്മാണത്തിനായി 19 (1) വിജ്ഞാപനം ഉടനുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസങ്ങൾ പരിഹരിച്ചാണ് റോഡിന്റെ തുടർ നിർമ്മാണത്തിന് വഴിയൊരുക്കുന്നത്. കിഫ്ബി അനുവദിച്ച 569.34 കോടി രൂപ ആർ.ബി.ഡി.സി.കെ റവന്യു വകുപ്പിന് ഇന്നലെ കൈമാറി. വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ ഉടനാരംഭിക്കും. തുടർന്ന് സ്ഥലമുടമകളുടെ ഹിയറിംഗിനുമുള്ള നടപടികൾ സമയബന്ധിതമായും കാലതാമസമില്ലാതെയും പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ജില്ലയിൽ പൂർത്തിയാക്കേണ്ട ഫ്ളാഗ്ഷിപ്പ് പദ്ധതികളിൽപ്പെടുത്തിയതിനെ തുടർന്നാണ് എയർപോർട്ട് റോഡിനെ ഉൾപ്പെടുത്തിയതോടെയാണ് നടപടികൾക്ക് വേഗമായത്. സ്ഥലമേറ്റെടുക്കുന്നതിന് പുറമേ റോഡ് നിർമ്മാണത്തിന് വേണ്ട 102 കോടി രൂപക്ക് ഭരണാനുമതി നേരത്തെ നൽകിയിരുന്നു.
രണ്ടാംഘട്ട വികസനത്തിന് തടസമായിരുന്ന എച്ച്.എം.ടിയുടെയും എൻ.എ.ഡിയുടെയും ഭൂമി ലഭ്യമാക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. എച്ച്.എം.ടിയുടെ ഭൂമിക്കായി കെട്ടിവെയ്ക്കേണ്ട 18.77 കോടി രൂപ സ൪ക്കാ൪ കഴിഞ്ഞയാഴ്ച ആർ.ബി.ഡി.സി.കെക്ക് കൈമാറിയിരുന്നു. എച്ച്.എം.ടിയുടെ 1.6352 ഹെക്ട൪ ഭൂമിയാണ് ഏറ്റെടുക്കുക. എൻ.എ.ഡിയുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ മൂന്നാം ഘട്ടത്തിനുള്ള നടപടികളും ത്വരിതപ്പെടുത്തും.
ആകെ 25.8 കിലോമീറ്റർ
25.8 കിലോമീറ്റർ ദൈർഘ്യമുള്ള സീ പോ൪ട്ട് - എയ൪പോ൪ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കി.മി) രണ്ടാംഘട്ടം കളമശേരി എച്ച്.എം.ടി റോഡ് മുതൽ എയ൪പോ൪ട്ട് (14.4 കി.മി) വരെയുമാണ്. ആദ്യഘട്ടം 2019ൽ പൂ൪ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നി൪മ്മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്.എം.ടി മുതൽ എ൯.എ.ഡി വരെ (2.7 കിമി), എ൯.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതൽ എയ൪പോ൪ട്ട് റോഡ് വരെ (4.5 കിമി). ഇതിൽ എച്ച്.എം.ടി – എ൯.എ.ഡി റീച്ചിൽ എച്ച്.എം.ടിയുടെയും എ൯.എ.ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ൪ റോഡിന്റെ നി൪മ്മാണം 2021ൽ പൂ൪ത്തിയായിരുന്നു.