പെരുമ്പാവൂർ: ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരനായ മാറമ്പിള്ളി ചാലക്കൽ കെ.വി. വിജേഷിന് കട തുടങ്ങാൻ വസ്ത്രങ്ങൾ നൽകി പെരുമ്പാവൂർ സ്‌നേഹാലയ. കടബാദ്ധ്യതയിൽ വീട് ജപ്തി ചെയ്ത് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുമ്പോഴാണ് സ്‌നേഹാലയ ചെയർമാൻ ഡീക്കൺ ഡോ.ടോണി മേതല സഹായ ഹസ്തവുമായി എത്തിയത്. രോഗബാധിതനായ വിജേഷിന് ചെറിയ വരുമാനം ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സഹായമെന്ന് ഡോ. ടോണി മേതല പറഞ്ഞു. സ്‌നേഹാലയ മാട്രിമോണി ആൻഡ് മെമന്റോ ഷോപ്പ് നടത്തുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനവും സന്മനസുകളുടെ സഹായവും ചേർത്താണ് ടോണി മേതല സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ചികിൽസാ സഹായം, പഠന സഹായം, വിവാഹ സഹായം, ഭവന സഹായം, സ്വയംതൊഴിൽ സഹായം, രക്തദാനം തുടങ്ങി ഒട്ടേറെ സന്നദ്ധസേവനങ്ങൾ ഇദ്ദേഹം ചെയ്തു വരുന്നുണ്ട്.