നെടുമ്പാശേരി: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും നഷ്ടത്തിലായിരുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ചെയർമാൻ സി.കെ. ശശിധരൻ പറഞ്ഞു.
വിപണിയിൽ നിന്ന് ലഭിക്കാനുള്ള പണത്തിന് ഡീലർമാർ ചെക്ക് നൽകുകയും വിപണന മേഖലയിൽ കമ്പനി കൈക്കൊണ്ട പുതിയ നടപടികളും നിരവധി പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനായതുമാണ് ഉത്പാദന വിപണന മേഖലയിൽ പുതിയ ഉണർവ് കൈവരിയ്ക്കാൻ സഹായിച്ചത്. കൊയ്ത് യന്ത്ര നിർമ്മാണത്തിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉത്പാദനമാണ് നവംബർ മാസമുണ്ടായത്. ടില്ലറിന്റെ ഉത്പാദനത്തിലും വിതരണത്തിലും പുരോഗതിയുണ്ടായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.