 
പറവൂർ: കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഒരു സ്ത്രീയടക്കം രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു. കൊമ്പ് അകത്തേക്ക് വളഞ്ഞിരുന്നതിനാൽ കുത്തേറ്റവർക്ക് ഗുരുതരമായ പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വഴിക്കുളങ്ങര ഭാഗത്ത് നിന്നാണ് പോത്ത് വിരണ്ടോടിയത്. വാണിയക്കാട്, നന്തികുളങ്ങര ഭാഗങ്ങളിലൂടെ നാട്ടുകാരെ പരിഭ്രാന്തരാക്കി ഓടിയ പോത്ത് പെരുവാരം നന്തികുളങ്ങര ഡ്രൈവിംഗ് ടെസ്‌റ്റ് നടക്കുന്ന ഗ്രൗണ്ടിന് പിന്നിലെ ചതുപ്പ് നിലത്തിലാണ് നിന്നത്. ഉടമയും മറ്റു ചിലരും പിന്നാലെ ഇവിടെ എത്തിയിരുന്നു.
പറവൂർ ഫയർസ്റ്റേഷനിലെ അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫിസർ കെ.എൻ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ പോത്തിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും തുരത്തി ഓടിച്ചു. കഴുത്തിൽ കയറിടുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയ സേനാംഗങ്ങൾ നിലത്ത് റണ്ണിംഗ് ബോലൈനിന്റെ അഞ്ച് കെട്ടുകൾ നിരത്തിവയ്‌ക്കുകയും അതിലൂടെ പോത്തിനെ ഓടിക്കുകയും ചെയ്തു. ഒരു കുരുക്കിൽ കാൽ കുടുങ്ങി പോത്ത് വീണപ്പോൾ കഴുത്തിൽ മൂന്ന് കയറിട്ട് കാലുമായും കൊമ്പുമായും കെട്ടി ബന്ധിച്ചു. തുടർന്ന് ഉടമ പോത്തിനെ കൊണ്ടുപോയി.