കൊച്ചി: നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർക്ക് നൽകാനെന്ന വ്യാജേന കെട്ടിട ഉടമകളിൽ നിന്ന് 52 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട റവന്യൂ ഇൻസ്പെക്ടറെ മേയർ എം. അനിൽകുമാർ സസ്പെൻഡ് ചെയ്തു. വൈറ്റില മേഖല ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ ആദർശ് ചന്ദ്രനെതിരെയാണ് നടപടി. സംഭവത്തിൽ വിജിലൻസ് അന്വേഷണവും മേയർ കൗൺസിലിൽ പ്രഖ്യാപിച്ചു.
വൈറ്റില മേഖലാ ഓഫീസ് പരിധിയിലെ ഹോട്ടലും മറ്റൊരു കെട്ടിടവുമായി ബന്ധപ്പെട്ട് ആദർശ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടതായി കൗൺസിലർ പി.എസ്. വിജുവാണ് കൗൺസിലിൽ ഉന്നയിച്ചത്. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ആർ. റെനീഷ്, ജെ. സനിൽമോൻ എന്നിവർക്ക് നൽകാനെന്ന വ്യാജേനയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്നും വിജു പറഞ്ഞു. വിഷയം ഗൗരവത്തിലെടുക്കണമെന്നും ഉചിതമായ അന്വേഷണം നടത്തണമെന്നും റെനീഷ് ആവശ്യപ്പെട്ടു. തുടർന്നാണ് മേയർ നടപടികൾ പ്രഖ്യാപിച്ചത്.

വൈറ്റിലയിലെ ഹോട്ടൽ ഉടമയിൽ നിന്ന് പിഴപ്പലിശ ഉൾപ്പെടെ നികുതി ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നികുതിമാത്രം 2.89 കോടി വരും. പിഴപ്പലിശയും ലൈബ്രറി സെസും കൂടി ഉൾപ്പെടുമ്പോൾ ഇതിലും ഉയരും. ഇത്രയും ഭീമമായ തുക ഒടുക്കാതെ തന്നെ ഹോട്ടലിന് റവന്യൂ ഇൻസ്‌പെക്ടർ യു.എ നമ്പർ അനുവദിക്കുകയായിരുന്നു. ഇതിനാണ് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതിന് പുറമെ വൈറ്റില മേഖല പരിധിയിലെ കെട്ടിടം തരംമാറ്റുന്നതുമായി ബന്ധപ്പെട്ടും രണ്ട് ലക്ഷം രൂപ ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നും കൗൺസിലർ പറഞ്ഞു. മുകളിലെനില വാണിജ്യ വിഭാഗത്തിലും താഴെയുള്ള നിലകൾ ഗാർഹിക വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് നികുതി ഈടാക്കിയിരുന്നത്. യഥാർത്ഥത്തിൽ മുകളിലുള്ള നിലയാണ് ഗാർഹികമെന്നും താഴെയുള്ളത് വാണിജ്യവിഭാഗമാണെന്നും ചൂണ്ടിക്കാട്ടി മാറ്റം ആവശ്യപ്പെട്ട് ഉടമ റവന്യൂ ഇൻസ്‌പെക്ടറെ സമീപിക്കുകയായിരുന്നു. ഈഘട്ടത്തിലാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

കെട്ടിട നിർമ്മാണ ലംഘനങ്ങളിൽ അന്വേഷണം
വൈറ്റിലയിലെ ഗാലക്‌സി ഹോം ഫ്ളാറ്റ് സമുച്ചയത്തിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മേയർ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അഡിഷണൽ സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി വിജിലൻസ് അന്വേഷണത്തിന് വിട്ടു. ഹോട്ടൽ കെട്ടിടത്തിന് നികുതി കുടിശിക ഈടാക്കാതെ യു.എ നമ്പർ അനുവദിച്ച് കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതി അഡിഷണൽ സെക്രട്ടറി അന്വേഷിക്കണം. പുല്ലേപ്പടി പാലത്തിന് സമീപത്തെ കെട്ടിടത്തെക്കുറിച്ച് ചീഫ് ടൗൺ പ്ലാനറും (വിജിലൻസ്),
പച്ചാളത്തെ അപ്പാർട്ട്മെന്റിനെക്കുറിച്ച് സൂപ്രണ്ടിംഗ് എൻജിനീയറും എളംകുളത്തെ കെട്ടിടം സംബന്ധിച്ച് സൂപ്രണ്ടിംഗ് എൻജിനിയറും അന്വേഷിക്കണമെന്ന് മേയർ ഉത്തരവിട്ടു.