h
തകർന്നു തരിപ്പണമായി ചെളി നിറഞ്ഞു കിടക്കുന്ന കുരീക്കാട് ചൂഴ്ത്തിപ്പാടം കനാൽ റോഡ്.

ചോറ്റാനിക്കര: പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിൽ ഏറെയും തകർന്നു തരിപ്പണമായിട്ട് നാളേറെയായി. ഇവ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയില്ല.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കുരീക്കാട് ചൂഴ്ത്തിപാടം കനാൽ റോഡ് ഇളകിക്കിടന്ന സോളിംഗ് ഒഴുകിപ്പോയി ചെളിനിറഞ്ഞുകിടക്കുന്നു. ചെളിയിലൂടെ വണ്ടിയോടിച്ച് ബൈക്ക് കനാലിലേക്ക് തെന്നിമറിഞ്ഞ് യുവതിയുടെ ജീവൻ പൊലിഞ്ഞതാണ് ഒടുവിലത്തെ സംഭവം.

വർഷങ്ങൾക്കു മുമ്പ് ടാറിംഗ് നടത്തിയ പല ഗ്രാമീണ റോഡുകളിലും ഇന്ന് ടാർ കണികാണാൻ പോലുമില്ല. അതിനാൽ ചെറിയ വാഹനങ്ങൾ ഇതുവഴി ഓട്ടം വിളിച്ചാൽ വരാത്ത അവസ്ഥയാണ്.

നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തേക്കുള്ള ഏക ആശ്രയമാണ് ഈ റോഡുകൾ. തലക്കോട് തുപ്പംപടി, കിടങ്ങയം, തെക്കിനേത്ത് നിരപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് രണ്ട് ബസുകൾ മാത്രമാണുള്ളത്. അതിനാൽ ഓട്ടോറിക്ഷയേയും ടാക്സികളേയും ആശ്രയിക്കാൻ സാധാരണക്കാർ നിർബന്ധിതരാകുന്നു. കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡുകൾ വർഷങ്ങൾക്കു മുമ്പ് ടാറിംഗ് നടത്തിയതാണ്. റോഡിലെ കല്ലുകൾ ഇളകി ചെളിനിറഞ്ഞു കിടക്കുന്നതിനാൽ കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ക്ലേശിക്കുന്നത്.

നന്നാക്കേണ്ട റോഡുകൾ

1 കടുംഗമംഗലം -ടോക്‌‌എച്ച് റോഡ്

2 കോട്ടയത്തുപാറ - രാജാജിറോഡ്

3 കോട്ടയത്തുപാറ - നമ്പൂരിശൻമല അങ്കണവാടിറോഡ്

4 കോട്ടയത്തുപാറ -ചന്തപ്പറമ്പ് റോഡ്.

5 കുരീക്കാട് - ഗാന്ധിനഗർ റോഡ്

6 കുരിക്കാട് -ഭഗത്‌സിംഗ് റോഡ്

7 മഞ്ചക്കാട് റോഡ്

8 തലക്കോട് കരിക്കേത്ത് റോഡ്

9 തുപ്പുംപടി വെട്ടിക്കൽ കനാൽ റോഡ്

ചോറ്റാനിക്കര പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ടാറിംഗ് നടത്താനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. കോൺട്രാക്ടർമാർക്ക് ബില്ല് കിട്ടുന്നതിന് താമസമുള്ളതിനാൽ പണി ഫെബ്രുവരി, മാർച്ച് മാസങ്ങളിലേ നടത്തുകയുള്ളൂ. ജലജീവൻ മിഷന്റെ ഭാഗമായി റോഡ് പൊളിച്ചതും ഗ്രാമീണ റോഡുകൾ തകരുന്നതിന് കാരണമായിട്ടുണ്ട്.

എം ആർ രാജേഷ്,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ഭരണ പരാജയത്തിന്റെ നാലു വർഷങ്ങളാണ് കടന്നുപോയത്. പഞ്ചായത്തിന് അനുവദിച്ച ഫണ്ടിൽ 40% മാത്രമാണ് വിനിയോഗിച്ചത്. 60% തുകയും ലാപ്സാക്കിക്കളഞ്ഞു. ജീവൻ പണയംവച്ചാണ് ജനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നത്.

ജോൺസൺ തോമസ്,

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്