കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സ്ഥിരംസമിതി യോഗത്തിൽ നിരന്തരം പങ്കെടുക്കാത്തതിനാൽ മുൻ അദ്ധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയ നടപടിയുമായി ബന്ധപ്പെട്ട് അവർ നഗരസഭാ സെക്രട്ടറി ടി.കെ. സന്തോഷിന് കത്തുനൽകി. ആരോഗ്യപ്രശ്നങ്ങളാലാണ് സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് കത്തിൽ പറയുന്നു. ഡിസംബർ 10ന് ചേരാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ പ്രത്യേക അജണ്ടയായി ഈ വിഷയം വരുമെന്ന് സെക്രട്ടറി പറഞ്ഞു. കൗൺസിലിലെ ഭൂരിപക്ഷ തീരുമാനപ്രകാരം തിരിച്ചെടുക്കാം എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ഭരണസമിതിയിൽ അജിത തങ്കപ്പന് കൗൺസിലറായി തിരിച്ചുവരുവാൻ സാധിക്കുമെന്നാണ് സൂചന.

അവധി അപേക്ഷയോ മറ്റു കാര്യങ്ങളോ ബോദ്ധ്യപ്പെടുത്താതെ തുടർച്ചയായി മൂന്നു മാസത്തെ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ പദവിയിൽ നിന്ന് അയോഗ്യയാക്കാമെന്ന നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെക്രട്ടറിയുടെ നടപടി.

നിലവിലെ ഭരണസമിതിയിൽ ആദ്യത്തെ രണ്ടരവർഷം കോൺഗ്രസ് പ്രതിനിധിയായി അദ്ധ്യക്ഷയായിരുന്നു . പിന്നീട് യു.ഡി.എഫിലെ ധാരണപ്രകാരം സ്ഥാനമൊഴിഞ്ഞു. തൃക്കാക്കര നഗരസഭാ കെന്നഡിമുക്ക് 43-ാം ഡിവിഷൻ കൗൺസിലറായിരുന്നു അജിതാ തങ്കപ്പൻ.