കൊച്ചി: കൊടകര കുഴൽപ്പണക്കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും ഇ.ഡി അറിയിച്ചു. ഇതിന് മൂന്നാഴ്ച അനുവദിച്ച കോടതി, ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
കേന്ദ്ര ഏജൻസികൾ കാര്യക്ഷമായ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കുഴൽപ്പണ കവർച്ചക്കേസിലെ 51-ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ നേരത്തേ ഇ.ഡിക്കും ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടീസയച്ചിരുന്നു. വിഷയം ജനുവരി 10ന് വീണ്ടും പരിഗണിക്കും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്ന് ബി.ജെ.പിക്കായി കള്ളപ്പണം എത്തിച്ചെന്നാണ് ആരോപണം.