
കൊച്ചി: കണ്ണൂർ എ.ഡി.എമ്മായിരുന്ന കെ. നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്. നവീന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂർത്തിയാക്കും. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹർജി നൽകിയത്.
ഭർത്താവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന പ്രതി പി.പി. ദിവ്യയ്ക്ക് ഉന്നതരാഷ്ട്രീയ സ്വാധീനമുള്ളതിനാൽ നിഷ്‌പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഹർജി പരിഗണിച്ചപ്പോൾ ഇന്നേയ്‌ക്കകം കേസ് ഡയറി ഹാജരാക്കണമെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചിരുന്നു. ഇത് പരിശോധിച്ചശേഷം ഒമ്പതിന് വിശദവാദം കേൾക്കുമെന്നും അറിയിച്ചിരുന്നു. സി.ബി.ഐയ്‌ക്കടക്കം കോടതി നോട്ടീസുമയച്ചിരുന്നു.
ദിവ്യയെ സംരക്ഷിക്കും വിധത്തിലാണ് അന്വേഷണമെന്നാണ് മഞ്ജുഷയുടെ വാദം. പ്രോട്ടോക്കോളിൽ പ്രതിയെക്കാൾ താഴെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത്. നവീൻ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. പ്രതിക്ക് അനുകൂലമായി രേഖ ചമയ്‌ക്കാൻ അന്വേഷണസംഘം കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചിട്ടുണ്ട്.
നവീൻബാബുവിനെ ആരെല്ലാം സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തേണ്ടത് കേസിന്റെ മറനീക്കാൻ അനിവാര്യമാണ്. നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടില്ല. മരണവിവരമറിഞ്ഞ് വീട്ടുകാർ എത്തുംമുമ്പ് പൊലീസ് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് തയ്യാറാക്കിയതും സംശയകരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.
കോടതിയിൽ വിശ്വാസമെന്ന് നവീന്റെ കുടുംബം
പത്തനംതിട്ട: സി.ബി.ഐ അന്വേഷണം വേണ്ടെന്ന സർക്കാർ നിലപാടിനെ അംഗീകരിക്കില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം. കോടതിയിൽ വിശ്വാസമുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും നവീന്റെ സഹോദരൻ പ്രവീൺബാബു പറഞ്ഞു. കേസിനെപ്പറ്റി യാതൊരു വിവരവും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. അതേസമയം പൊലീസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നാണ് സർക്കാരിന്റെ നിലപാട്.