കൊച്ചി: നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായുള്ള അജണ്ടകളിൽ ചർച്ച നടത്താതെ കൗൺസിൽ മുടക്കി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബുധനാഴ്ച ചർച്ച ചെയ്ത് തീരുമാനമെടുത്ത കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതിപക്ഷം ഇന്നലെ പ്രതിഷേധവുമായി എത്തിയത്.

വിവിധ റോഡ് വികസന പദ്ധതികൾ, ബ്രഹ്മപുരം മാലിന്യപ്ലാന്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക നികത്തൽ തുടങ്ങിയ നിരവധി പദ്ധതികളാണ് ചർച്ച ചെയ്യാതെ പാസാക്കിയത്. രണ്ടാംതവണയാണ് പ്രതിപക്ഷം കൗൺസിൽ മുടക്കി പ്രതിഷേധിക്കുന്നത്.

നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരുടെ പേരിൽ വൈറ്റില മേഖലാ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ ആദർശ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടകാര്യം ബുധനാഴ്ച നടന്ന കൗൺസിലിൽ കൗൺസിലർ പി.എസ്. വിജു ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ റവന്യൂ ഇൻസ്പെക്ടറെ മേയർ സസ്പെൻഡ് ചെയ്യുകയും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ആർ. റെനീഷ്, ജെ. സനിൽമോൻ എന്നിവരുടെ പേരിലായിരുന്നു റവന്യൂ ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. വൈറ്റിലയിലെ ഹോട്ടൽ ഉടമയിൽനിന്ന് പിഴപ്പലിശ ഉൾപ്പെടെ നികുതി ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ ആരോപണവിധേയരായ റെനീഷും സനിൽമോനും രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധം അവസാനിക്കുമെന്ന് കരുതി പത്തുമിനിറ്റോളം കാത്തിരുന്ന മേയർ പിന്നീട് അജണ്ടകൾ വായിച്ച് പാസാക്കുകയായിരുന്നു.

അനാവശ്യമായ പ്രതിഷേധം

ഇന്നലെ മൂന്ന് മണിക്കൂറോളം ചർച്ചചെയ്തശേഷം പ്രതിപക്ഷം ആവശ്യപ്പെടാതെയാണ് താൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മേയർ അനിൽകുമാ‌ർ. എന്നാൽ അതിൽ നടപടി ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതിപക്ഷം ഇത്തരത്തിൽ കൗൺസിൽ മുടക്കി പ്രതിഷേധിക്കുന്നത് ശരിയായ രീതിയില്ലെന്നും അദ്ദേഹന പറഞ്ഞു.

എം.എച്ച്.എം അഷ്റഫ് രാജിവച്ചു

ടൗൺ പ്ലാനിംഗ് കമ്മിറ്റിയിൽനിന്ന് രാജിവച്ച് സി.പി.എം കൗൺസിലർ എം.എച്ച്.എം അഷ്റഫ്. ടൗൺപ്ലാനിംഗ് കമ്മിറ്റിയെ നിരീക്ഷണത്തിന്റെ മുൾമുനയിൽ നിറുത്തി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട സംഭവം തന്നെ സംബന്ധിച്ച് ഏറെ അപമാനകരമാണെന്ന് എം.എച്ച്.എം അഷ്റഫ് പറഞ്ഞു. രാജി അറിയിച്ചുള്ള കത്ത് സെക്രട്ടറിക്ക് കൈമാറി.

സെക്രട്ടറിക്ക് സ്ഥലംമാറ്റം

കോർപ്പറേഷൻ സെക്രട്ടറി ചെൽസ സിനിക്ക് പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലംമാറ്രം. ഉത്തരവ് വന്നെങ്കിലും സ്ഥാനമൊഴിയുന്ന ദിവസം തീരുമാനിച്ചിട്ടില്ല. കോഴിക്കോട് സബ് കളക്ടറായിരുന്ന ചെൽസ സിനി കഴിഞ്ഞ ഡിസംബറിലാണ് കോർപ്പറേഷൻ സെക്രട്ടറിയായി ചുമതലയേറ്റത്. ഇനി ഒരു ഐ.എ.എസ് പദവിയുള്ള സെക്രട്ടറിയെ ആവശ്യപ്പെടില്ലെന്നും മേയർ പറഞ്ഞു.

ചെൽസ സിനി സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ സംഭവബഹുലമായ കാര്യങ്ങളാണ് കോർപ്പറേഷനിൽ നടന്നത്. ചരിത്രത്തിലാദ്യമായി ഡെപ്യൂട്ടി മേയർ അവതരിപ്പിക്കേണ്ട ബഡ്ജറ്റ് അവതരിപ്പിച്ചത് ചെൽസ സിനിയാണ്. ഒരുവർഷത്തിനുള്ളിൽ കോ‌ർപ്പറേഷന്റെ വരുമാനമടക്കം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മികച്ച പ്രവർത്തനമാണ് സെക്രട്ടറി നടത്തിയതെന്നും മേയർ പറഞ്ഞു.