മൂവാറ്റുപുഴ: കന്നത്തുനാട് പിണർമുണ്ട ചെമ്മഞ്ചേരിമൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഉത്പാൽ ബാല (34) കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസ് വിധിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
2021 ജനുവരി 31ന് ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു കൊലപാതകം. ഉത്പൽ ബാലയും ബിശ്വജിത് മിത്രയും പശ്ചിമ ബംഗാൾ ഗായ്ഗട്ട സ്വദേശികളാണ്. ചെമ്മഞ്ചേരിമൂല ഭാഗത്തുള്ള തൊഴിലുടമയുടെ കെട്ടിടത്തിലായിരുന്നു താമസം. ബിശ്വജിത് മിത്രയുടെ ഭാര്യയെയും വീട്ടുകാരെയും കുറിച്ച് ഉത്പൽ ബാല മോശമായി സംസാരിച്ചതിനെ ചൊല്ലി വഴക്കുണ്ടായി. ഇതിനിടെ സിമന്റ് കട്ട കൊണ്ട് തലക്കും മുഖത്തും ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
അമ്പലമേട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ലാൽ സി. ബേബിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.