 
ആലുവ: ജനകീയ പ്രതിഷേധത്തെ തുടർന്ന് കിൻഫ്ര കുടിവെള്ള പദ്ധതി പാതിവഴിയിൽ മുടങ്ങിയതോടെ എടയപ്പുറം നിവാസികളുടെ ദുരിതയാത്രക്ക് രണ്ടര വർഷം. പെരിയാറിൽ നിന്നും വെള്ളം ശേഖരിച്ച് ഭൂഗർഭ പൈപ്പ് മുഖേന കിൻഫ്ര വ്യവസായ പാർക്കിലേക്ക് എത്തിക്കുന്ന വിവാദ പദ്ധതി 2022 ഏപ്രിൽ 13നാണ് ആരംഭിച്ചത്.
ജനപ്രതിനിധികളുമായി യാതൊരു ചർച്ചയുമില്ലാതെ എടയപ്പുറത്ത് റോഡ് കുത്തിപ്പൊളിച്ചതോടെയാണ് കിൻഫ്ര പദ്ധതിയെ കുറിച്ച് ജനങ്ങൾ അറിയുന്നത്. മദ്ധ്യഭാഗത്ത് ഭീമൻകുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത് ഭാവിയിൽ റോഡ് പൈപ്പ് ലൈൻ റോഡാകുമെന്ന ആശങ്കയും ഒരു ഭാഗത്തും പെരിയാറിൽ നിന്ന് അമിതമായി വെള്ളം പമ്പ് ചെയ്യുന്നത് ആലുവ ജലശുദ്ധീകരണ ശാലയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയർന്നതോടെ ജനം പ്രതിഷേധത്തിലായി. ഇതോടെ കിൻഫ്ര പദ്ധതിക്കെതിരെ ജനങ്ങൾ സമരം ആരംഭിച്ചു. സി.പി.എം ഒഴികെയുള്ള കക്ഷികളെല്ലാം സമരത്തെ അനുകൂലിച്ചതോടെ നിർമ്മാണം നിലച്ചു. പലവട്ടം മന്ത്രിതല ചർച്ചകൾ ഉൾപ്പെടെ നടന്നെങ്കിലും ഫലമുണ്ടായില്ല. പൈപ്പിടാൻ എടുത്ത കുഴി മൂടി ടാംറിംഗ് നടത്തിയ ശേഷമാണ് സമരക്കാർ പിരിഞ്ഞത്. സംഘർഷവും കേസും വരെയുണ്ടായി. എന്നിട്ടും ജനം സമരത്തിൽ നിന്നും പിന്മാറിയില്ല.
എടയപ്പുറം റോഡ് ബി.എം ബി.സി ടാറിംഗിനായി പി.ഡബ്ല്യു.ഡി രണ്ട് കോടി രൂപ നേരത്തെ അനുവദിച്ചെങ്കിലും കാത്തുനിന്നത് കിൻഫ്രയുടെ പൈപ്പ് സ്ഥാപിക്കാൻ പൈപ്പിടൽ മുടങ്ങിയതോടെ ടാറിംഗ് നടന്നില്ല ഇതിനിടയിൽ രണ്ട് വട്ടം റോഡിലെ വലിയ കുഴികൾ അടച്ചെങ്കിലും മഴ പെയ്തപ്പോൾ വീണ്ടും തകർന്നു
2022 ഏപ്രിൽ 13ന് നിർമ്മാണം ആരംഭിക്കുമ്പോൾ ഒരു മാസത്തിനകം എടയപ്പുറത്തെ പൈപ്പിടൽ പൂർത്തിയാക്കുമെന്നാണ് കിറ്റ്കോ അറിയിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി കിൻഫ്ര വരെ പൈപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ആദ്യ റീച്ച് ലക്ഷ്യം കാണാതായതോടെ എല്ലാം വിഫലമായി.
എടയപ്പുറം ഗവ. എൽ.പി സ്കൂളിന് സമീപവും കൊച്ചിൻബാങ്ക് കവല മുതൽ തോട്ടുമുഖം വരെ റോഡ് അതീവ ശോചനീയം കൊച്ചിൻ ബാങ്ക് മുതൽ മണലിമുക്ക് വരെയുള്ള ഭാഗത്തും സ്ഥിതി വ്യത്യസ്ഥമല്ല ഈ റോഡിനും ബി.എം ബി.സി ടാറിംഗിനായി നേരത്തെ ഫണ്ട് അനുവദിച്ചിട്ടുണ്ട് പ്രതിഷേധം ഉയരുമ്പോൾ അറ്റകുറ്റപ്പണി നടത്തി അധികൃതർ തടിതപ്പുന്നു