
കൊച്ചി: ദുബായ് ആസ്ഥാനമായ ടീകോമിൽ നിന്ന് സർക്കാർ തിരിച്ചെടുക്കുന്ന സ്‌മാർട്ട്സിറ്റി കൊച്ചി പദ്ധതി പ്രദേശം ഇൻഫോപാർക്കിന്റെ വികസനത്തിന് വിനിയോഗിക്കണമെന്ന ആവശ്യം ശക്തം. ലാൻഡ് പൂളിംഗ് വഴി വികസനത്തിന് പോംവഴി തേടുന്ന ഇൻഫോപാർക്കിന് 246 ഏക്കർ സ്ഥലം ലഭിച്ചാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ.ടി പാർക്കെന്ന നേട്ടം കൈവരിക്കാനാവും. നിലവിൽ 260 ഏക്കർ സ്ഥലത്താണ് ഇൻഫോ പാർക്ക്.
കരാർ ലംഘനം അടിസ്ഥാനമാക്കി സ്മാർട്ട്‌സിറ്റിയെ ഏറ്റെടുക്കണമെന്ന് സംസ്ഥാനത്തെ ഐ.ടി പാർക്കുകളിലെ ജീവനക്കാരുടെ സംഘടനയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് ഡിസംബറിൽ നിവേദനത്തിൽ സമർപ്പിച്ചിരുന്നു. ഏറ്റെടുക്കലിന് സർക്കാരിന് കഴിയുമെന്ന് നിയമവൃത്തങ്ങൾ അറിയിച്ചു.
രണ്ടു ഘട്ടങ്ങളിലായി ഇൻഫോപാർക്കിന്റെ കൊച്ചി ക്യാമ്പസിലെ സ്ഥലം പൂർണമായും വിനിയോഗിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ ചേർത്തല, തൃശൂരിലെ കൊരട്ടി ഉപകേന്ദ്രങ്ങളിലും വൻ ഡിമാൻഡാണ്. 150 ഓളം കമ്പനികൾ കെട്ടിടനിർമ്മാണത്തിന് സ്ഥലവും കെട്ടിടങ്ങളിൽ സ്ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
സ്‌മാർട്ട്സിറ്റിയോട് ചേർന്നാണ് ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടം സ്ഥിതി ചെയ്യുന്നത്.
സ്‌മാർട്ട്സിറ്റിയുടെ 246 ഏക്കർ സ്ഥലം ലഭിച്ചാൽ സ്വന്തമായും താത്പര്യമുള്ള മറ്റു സംരംഭകർ വഴിയും ഐ.ടി, ഐ.ടി അനുബന്ധ സൗകര്യങ്ങൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൻ കഴിയും. സ്‌മാർട്ട്സിറ്റിയുടെ സഹ നിർമ്മാതാക്കൾ നിർമ്മിക്കുന്ന കെട്ടിടങ്ങളും ഇൻഫോപാർക്ക് എന്ന ലേബലിൽ കൊണ്ടുവരാൻ കഴിയും.
ലോകപ്രശസ്‌തമായതിനാൽ കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ ഇൻഫോപാർക്കിലേയ്ക്ക് എത്തും. മറ്റൊരു പങ്കാളിയെ കണ്ടെത്തി സ്‌മാർട്ട്സിറ്റി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിലും എളുപ്പമാകും ഇൻഫോപാർക്കിന് നൽകുന്നതെന്ന് ഐ.ടി സംരംഭകർ പറയുന്നു. ഇക്കാര്യം 'കേരളകൗമുദി" നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
മൂന്നാംഘട്ടത്തിന് സ്ഥലമില്ല
മൂന്നാംഘട്ട വികസനത്തിന് സ്ഥലം തേടുകയാണ് ഇൻഫോപാർക്ക്. ലാൻഡ് പൂളിംഗ് വ്യവസ്ഥയിൽ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)യുടെ സഹായത്തോടെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്ന കാക്കനാട് ഇടച്ചിറയ്ക്ക് സമീപം കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കര മേഖലയിലെ തരിശുനിലങ്ങൾ പൂളിംഗ് വ്യവസ്ഥയിൽ ഏറ്റെടുക്കാനാണ് നീക്കം. കൃഷി നിലച്ച നൂറിലേറെ ഏക്കർ സ്ഥലം ഏറ്റെടുത്ത് വികസിപ്പിച്ചശേഷം നിശ്ചിത വിഹിതം ഉടമകൾക്ക് നൽകുന്ന രീതിയാണ് ലാൻഡ് പൂളിംഗ്.
ട്രാക്കോ സ്ഥലവും പരിഗണനയിൽ
ഇൻഫോപാർക്കിന് സമീപം ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനിയുടെ 36 ഏക്കർ സ്ഥലം ഇൻഫോപാർക്കിന് വിട്ടുനൽകാനുള്ള നടപടികളും അനിശ്ചിതത്വത്തിലാണ്. പ്രതിസന്ധി മൂലം ട്രാക്കോയുടെ ഇരുമ്പനം യൂണിറ്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് തീരുമാനിച്ചിരുന്നു. പാട്ടഭൂമിയായതിനാൽ ട്രാക്കോയ്ക്ക് നേരിട്ട് കൈമാറാൻ കഴിയില്ല. സർക്കാർ മുഖാന്തിരം കൈമാറാമെന്ന് നിർദ്ദേശമുണ്ടായെങ്കിലും നിയമക്കുരുക്കുകൾ നീക്കാൻ എളുപ്പമല്ല.
 246 ഏക്കർ സ്ഥലത്ത് സ്മാർട്ട് സിറ്റി
 260 ഏക്കർ സ്ഥലത്ത് ഇൻഫോ പാർക്ക്.
 ഇൻഫോ പാർക്ക് രണ്ട് ഘട്ട വികസനം പൂർത്തിയായി.