കൂത്താട്ടുകുളം: പിറവം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ പിറവം എം.എൽ.എയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് സി.പി.എം കൂത്താട്ടുകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. റോഡുകൾ, പാലങ്ങൾ, സ്കൂൾ വികസന പദ്ധതികൾ ഉൾപ്പെടെ സർക്കാർ മണ്ഡലത്തിന് അനുവദിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തത് എം.എൽ.എ.യുടെ പരാജയമാണെന്ന് സമ്മേളനം വിലയിരുത്തി. പാലക്കുഴയിൽ രാമൻ ഇളയതിന് സ്മാരകം നിർമ്മിക്കണം, പാലക്കുഴ ഗവ.സ്കൂളിനെ രാമൻ ഇളയത് സ്മാരകമാക്കി പ്രഖ്യാപിക്കണം. കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുക, തോട്ടറ പുഞ്ച നവീകരണം പൂർത്തിയാക്കുക, കൂത്താട്ടുകുളം - മൂവാറ്റുപുഴ ബൈപ്പാസ് നടപ്പിലാക്കുക, എക്സൈസ് കടവ് പാലം നിർമ്മിക്കുക, കിഴുമുറിക്കടവ് പാലം അപ്രോച്ച് റോഡ് പൂർത്തിയാക്കുക, കീച്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക. വാളിയാപ്പാടം പാലം പുനർനിർമ്മിക്കുക, കുമരകം - നെടുമ്പാശേരി റോഡ് നവീകരണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.