elec
വാർഡ് വിഭജനത്തിന്റെ പരാതികൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നു

കാക്കനാട്: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച് ജില്ലയിൽനിന്ന് ആയിരത്തിലധികം പരാതികൾ ഇലക്ഷൻ വിഭാഗത്തിന് ലഭിച്ചു. പരാതി നൽകുവാനുള്ള സമയം കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. 1009 പരാതികളാണ് തപാലിലൂടെയും ഡീലിമിറ്റേഷൻ കമ്മിഷനും നേരിട്ടും ലഭിച്ചിട്ടുള്ളത്. 14 ജില്ലാ മേധാവികളും 82 ഗസറ്റഡ് ഓഫീസർമാരും ഉൾപ്പെടെ 150 ഓളം ജീവനക്കാരെയാണ് വാർഡ് വിഭജനത്തിന്റെ പരാതി അന്വേഷിക്കുവാൻ നിയമിച്ചിട്ടുള്ളത്.

കൊച്ചി കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ ജില്ലയിലെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ കരടാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പരാതികളുള്ളത് കൊച്ചിൻ കോർപ്പറേഷനിൽ നിന്നാണ്. 18ന് മുമ്പായി പരാതികൾ അന്വേഷിച്ച് ഉദ്യോഗസ്ഥർ കളക്ടർക്ക് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനുശേഷം കളക്ടർ ഡിലിമിറ്റേഷൻ കമ്മീഷന് 26ന് കൈമാറും.

ഈ പരാതികൾ പരിഹരിച്ചതിനുശേഷം മാത്രമേ ജില്ലാ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും അതിർത്തി നിശ്ചയിച്ചിട്ടുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കുകയുള്ളുവെന്ന് കളക്ടർ പറഞ്ഞു.