blockpanchayath
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ബ്ലോക്ക് ഇൻഫർമേഷൻ സെന്ററും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം ജീവിതശൈലീ രോഗ ക്ലിനിക്കും രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ബ്ലോക്ക് ഇൻഫർമേഷൻ സെന്ററിന്റെയും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം ജീവിതശൈലീ രോഗ ക്ലിനിക്കിന്റെയും ഉദ്ഘാടനവും പി.എം.എ.വൈ ഭവന പദ്ധതി ആദ്യഗഡു വിതരണവും രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സുവർണ ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. അദ്ധ്യക്ഷനായി. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് ഇ- സേവനങ്ങൾ, ഒ.പി ടിക്കറ്റ് ബുക്കിംഗ്, കാർഷിക - കർഷക ക്ഷേമ പദ്ധതി അറിവുകൾ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകും.

ജീവിതശൈലീ ക്ലിനിക്കിൽ ഡോക്ടറുടെ സേവനവും മരുന്നും ലഭിക്കും. 30 ഗുണഭോക്താക്കൾക്കാണ് പി.എം.എ.വൈ ഭവന പദ്ധതിയുടെ ആദ്യഗഡുവായ 48,000 രൂപവീതം വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ, ഡി.പി.എം കെ.വി.പി. ജയകൃഷ്ണൻ, പഞ്ചായത് പ്രസിഡന്റുമാരായ ആൻസി ജോസ്, ഷെൽമി ജോൺസ്, ഒ.പി. ബേബി, കെ.പി. അബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മേഴ്സി ജോർജ്, ഷിവാഗോ തോമസ്, അംഗങ്ങളായ സാറാമ്മ ജോൺ, റിയാസ് ഖാൻ, രമ രാമകൃഷ്ണൻ, അഡ്വ. ബിനി ഷൈമോൻ, ബെസ്റ്റിൻ ചേറ്റൂർ, സിബിൾ സാബു, സെക്രട്ടറി രശ്മി എസ് തുടങ്ങിയവർ സംസാരിച്ചു.