azure-damsel

കൊച്ചി: സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുല്പാദനം വിജയകരമായി പൂർത്തിയാക്കി. അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുല്പാദന സാങ്കേതികവിദ്യയാണ് വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്. അക്വേറിയം ഇനങ്ങളിൽ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട മീനുകളുമാണിവ.

സാങ്കേതികവിദ്യ എളുപ്പത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോളും സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിട്ടുണ്ടെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ. ബി. സന്തോഷ് പറഞ്ഞു. സി.എം.എഫ്.ആർ.ഐയുടെ സാമ്പത്തിക സാദ്ധ്യതാപഠന പ്രകാരം 24000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം ഉത്പ്പാദിപ്പിക്കുന്ന ഇടത്തരം വിത്തുല്പാദന യൂണിറ്റിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടാക്കാനാകും.

അസ്യൂർ ഡാംസൽ

കടലിൽ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിന്റെ ആവാസകേന്ദ്രം. കടുംനീലമഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകർഷണീയത. അമിത ചൂഷണഫലമായി വംശനാശ ഭീഷണിക്കരികിലാണ്. ഒരുമീനിന് 350 രൂപയാണ് വില. വിദേശ വിപണിയിൽ മീനൊന്നിന് 25 ഡോളർ വരെ ലഭിക്കും.

 ഓർണേറ്റ് ഗോബി

മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓർണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്ചുവപ്പ്‌വെള്ള നിറങ്ങളിലുള്ള പുള്ളികൾ കൊണ്ടലങ്കരിച്ച ശരീരവുമാണ് ഈ മീനിന്റെ ഭംഗി കൂട്ടുന്നത്. കൗതുകകരമായ ചലനങ്ങളും പെരുമാറ്റവും കാരണം ടാങ്കുകളിൽ കാഴ്ചക്കാരെ ആകർഷിക്കും. അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്.