പള്ളുരുത്തി: സംസ്ഥാനത്ത് പത്ത് സെന്റിൽ താഴെ വിസ്തീർണമുള്ള ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടുത്തമാസം പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. കുമ്പളങ്ങിയിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും തോപ്പുംപടിയിലെ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഇതോടെ പരിഹരിക്കും.
കേരളത്തിൽ ഭൂമിയുടെ അതിർത്തികൾ നിശ്ചയിക്കുന്നതിന് നടപ്പാക്കിയ ഡിജിറ്റൽ വേലി സംവിധാനത്തിന്റെ ജോലി പുരോഗമിക്കുകയാണ്. ഭൂമി കൈമാറ്റം ഇതോടെ സുതാര്യമാകും. പാവപ്പെട്ടവരുടെ ഭൂമിയുടെ അതിർത്തികളെ ചൊല്ലിയുള്ള തർക്കങ്ങളുണ്ടാക്കുന്ന ഏർപ്പാടും അവസാനിക്കും. രജിസ്‌ട്രേഷൻ, സർവേ, റവന്യു വകുപ്പുകളെ ഏകോപിപ്പിച്ച് ഭൂമിസംബന്ധിച്ച് രേഖകൾ ഒരു പോർട്ടലിൽത്തന്നെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ.ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഫോർട്ടുകൊച്ചി സബ് കളക്ടർ കെ. മീര, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, പഞ്ചായത്ത് അംഗം ലില്ലി റാഫേൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ്‌രാജ്, പി.എ. പീറ്റർ, എം.കെ. അബ്ദുൾ ജലീൽ, ജോൺ അലോഷ്യസ്, അഡ്വ. മേരി ഹർഷ, വി.ഡി. ലിജിമോൻ, അഡ്വ. മേരി ഹർഷ, പി. രാജേഷ്, ടി.ആർ. ശാലിനി തുടങ്ങിയവർ സംസാരിച്ചു.