കൊച്ചി: രക്തചന്ദനം സൂക്ഷിച്ചിടത്തെ തെരച്ചിൽ തടയാൻ ശ്രമിച്ചയാളെ മർദ്ദിച്ചെന്നാരോപിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിലെ (ഡി.ആർ.ഐ) മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2015ലെ സംഭവത്തിൽ രണ്ട് മുതൽ നാല് വരെ പ്രതികളായ ഉമ്മൻ ജോസഫ്, ശശിധരൻ, കുര്യൻ പി. മാത്യു എന്നീ ഉദ്യോഗസ്ഥർക്കെതിരെ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ റദ്ദാക്കിയത്.
2015 ജനുവരി 10ന് വല്ലാർപാടത്തു നിന്ന് 11 ടൺ രക്തചന്ദനം ഡി.ആർ.ഐ പിടികൂടിയിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിൽ ചന്ദനത്തടി സുക്ഷിക്കുന്നത് ആലുവ എടയാറിലെ ഗോഡൗണിലാണെന്ന് കണ്ടെത്തി. ഡി.ആർ.ഐ അസി. ഡയറക്ടറുടെ വാറന്റോടെ ഉദ്യോഗസ്ഥർ അവിടെയെത്തി തെരച്ചിൽ നടത്തി. നാല് പെട്ടികളിലൊന്നിൽ രക്ത ചന്ദനത്തടികൾ അടുക്കിവച്ചിരിക്കുന്നത് കണ്ടെത്തുകയും ചെയ്തു. ഇതിനിടെ അവിടെയെത്തിയ പരമേശ്വരൻ എന്നയാൾ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥരുടെ ഹർജിയിൽ പറയുന്നു.
ഡി.ആർ.ഐ സംഘം വന്ന വാഹനത്തിന്റെ ഡ്രൈവറായ നജീമുദ്ദീനെ ഗുരുതരമായി മർദ്ദിച്ച് പരിക്കല്പിച്ചു. ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു.
ഇതിനിടെ ബന്ധുവിന്റെ ഗോഡൗണിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുകയായിരുന്ന നാല് പേരെ തടഞ്ഞതിന്റെ പേരിൽ തന്നെ മർദ്ദിച്ചെന്നാരോപിച്ച് പരമേശ്വരൻ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി. തുടർന്നാണ് നാല് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.