
കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഹൈക്കോടതി നിർദ്ദേശിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. അന്വേഷണത്തിന് തയ്യാറാണോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു മറുപടി. അതേസമയം സി.ബി.ഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും വാദിച്ചു. കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. വിഷയം 12ന് വീണ്ടും പരിഗണിക്കും.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി ഇന്നലെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ പുതിയ ബെഞ്ചാണ് പരിഗണിച്ചത്. കേസ് ഡയറി ഇന്നലെ ഹാജരാക്കാൻ പൊലീസിനോട് നേരത്തേ കേസ് പരിഗണിച്ച ബെഞ്ച് നിർദ്ദേശിച്ചിരുന്നു. എന്നാൽ, പൊലീസ് കൂടുതൽ സമയം തേടി. കേസിൽ സി.ബി.ഐ വരേണ്ടതുണ്ടോ എന്ന് കോടതി വാക്കാൽ ചോദിച്ചു.
പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിന് നിലവിൽ തെളിവുകളില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്ന് പറയാനാകില്ലെന്നും കോടതി പരാമർശിച്ചു. കണ്ണൂർ കമ്മിഷണറാണ് പ്രത്യേക അന്വേഷണസംഘത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇതിൽ തൃപ്തിയുണ്ടോയെന്നും ഉയർന്ന ഉദ്യോഗസ്ഥൻ വേണമെന്ന അഭിപ്രായമുണ്ടോയെന്നും ഹർജിക്കാരിയോട് ആരാഞ്ഞു. നരഹത്യയടക്കം സംശയിക്കുന്നതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന വാദത്തിൽ ഹർജിക്കാരി ഉറച്ചു നിന്നു
സത്യവാങ്മൂലം
സമർപ്പിക്കണം
നവീന്റെ ദേഹപരിശോധനയിലും ഇൻക്വസ്റ്റിലും പരിക്കുകൾ കണ്ടെത്തിയോ എന്ന് കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്റെ മറുപടി
കേസ് ഡയറി പരിശോധിച്ച് വ്യക്തത തേടാമെന്ന് പറഞ്ഞ കോടതി സർക്കാരിനോട് എതിർസത്യവാങ്‌മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു