infopa

കൊച്ചി: ഇൻഫോപാർക്ക് കൈക്കലാക്കി ഐ.ടി രംഗത്തെ കുത്തകയാവാൻ ശ്രമിച്ച ടീകോമാണ് സ്‌മാർട്ട്സിറ്റി പദ്ധതിയിലെ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാനാകാതെ കളം വിടുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ കർക്കശ നിലപാട് നിമിത്തമാണ് ഇൻഫോപാർക്കിനെ സർക്കാർ മേഖലയിൽ നിലനിറുത്താൻ കഴിഞ്ഞത്.

. സ്‌മാർട്ട്സിറ്റി സ്ഥാപിക്കാൻ 2004ൽ ആണ് ടീകോം താത്പര്യം പ്രകടിപ്പിച്ചത്. 2005 ഏപ്രിൽ 27ന് ടീകോംസംഘം സ്ഥലം സന്ദർശിച്ചു. 29ന് നടത്തിയ ചർച്ചയിൽ വിലയ്ക്ക് സ്ഥലം ആവശ്യപ്പെട്ടു. സർക്കാരിന് പദ്ധതിയിൽ പങ്കാളിത്തം നൽകുന്നതിനുപകരം ഇൻഫോപാർക്ക് വിട്ടുനൽകണം. ജില്ലയിലൊരിടത്തും മറ്റ് ഐ.ടി പാർക്കുകൾ പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. 2005 സെപ്തംബർ 9ന് ധാരണാപത്രം ഉമ്മൻചാണ്ടി സർക്കാർ ഒപ്പിട്ടു. ഇൻഫോപാർക്ക് കൈമാറരുതെന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് ആവശ്യപ്പെട്ടു.

2007 മാർച്ച് ഏഴിന് കരാർ ഒപ്പിടാൻ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റാൻ കമ്മിഷൻ ഉത്തരവിട്ടു. വി.എസ് സർക്കാർ ടീകോമുമായി ചർച്ചകൾ നടത്തി. ഇൻഫോപാർക്ക് വിട്ടു തരില്ലെന്നും മറ്റ് പാർക്കുകൾ പാടില്ലെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നും വി.എസ്. അച്യുതാനന്ദൻ അറിയിച്ചു. ഇത് അംഗീകരിച്ച് ടീകോം കരാർ ഒപ്പിട്ടു. ടീകോമിന് വഴങ്ങിയിരുന്നെങ്കിൽ ഇൻഫോപാർക്ക് വികസനവും മുരടിച്ചേനെയെന്ന് ഐ.ടി വ്യവസായവൃത്തങ്ങൾ പറയുന്നു.

അന്ന് രണ്ടു കെട്ടിടങ്ങളും അയ്യായിരം ജീവനക്കാരുമാണ് ഇൻഫോപാർക്കിലുണ്ടായിരുന്നത്. ഇന്ന് ലോകമെങ്ങും പ്രശസ്‌തമായ ഇൻഫോപാർക്കിൽ ബഹുരാഷ്‌ട്ര കമ്പനികളുൾപ്പെടെ സ്ഥലത്തിനായി കാത്തുനിൽക്കുകയാണ്. രണ്ടു ഘട്ടങ്ങളിലായി വൻ വികസനം നേടിയ ഇൻഫോപാർക്കിന് സ്‌മാർട്ട്സിറ്റിയുടെ സ്ഥലം കൈമാറണമെന്ന ആവശ്യം ശക്തമാണ്. ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ഉൾപ്പെടെ ഇതിനായി നിവേദനങ്ങൾ സർക്കാരിന് നൽകിയിരുന്നു. മൂന്നാം

ഘട്ട വികസനത്തിന് സ്ഥലം തേടുകയാണ് ഇൻഫോപാർക്ക്. നിലവിലെ 260 ഏക്കറിനൊപ്പം സ്‌മാർട്ട്സിറ്റിയുടെ 246 ഏക്കർ

കൂടി ലഭിച്ചാൽ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കേന്ദ്രങ്ങളിലൊന്നായി ഇൻഫോപാർക്ക് മാറും.

ഇൻഫോപാർക്ക്

 ആരംഭം 2004

 സ്ഥലം 260 ഏക്കർ

 പ്രത്യേക സാമ്പത്തികമേഖല

 കെട്ടിടങ്ങൾ 92 ലക്ഷം ചതുരശ്രയടി

 കമ്പനികൾ 572

 ഐ.ടി ജീവനക്കാർ 65,900

 കയറ്റുമതി 9186 കോടി (2022 -23)

 ബാങ്ക്, ഹോട്ടൽ ഉൾപ്പെടെ സൗകര്യങ്ങൾ

 കൊരട്ടിയിലും ചേർത്തലയിലും ഉപകേന്ദ്രങ്ങൾ