boss-krishnamachari

കൊച്ചി: അന്താരാഷ്ട്ര പ്രശസ്തവും ആധികാരികവുമായ ആർട്ട് റിവ്യൂ മാഗസിൻ തിരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട ലോകത്തെ നൂറു വ്യക്തികളുടെ 2024ലെ പവർ 100 പട്ടികയിൽ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഇടംനേടി.

കലാകാരന്മാർ, ചിന്തകർ, ക്യുറേറ്റർമാർ, ഗാലറിസ്റ്റുകൾ, മ്യൂസിയം ഡയറക്ടർമാർ, ആർട്ട് കളക്ടർമാർ തുടങ്ങി സമകാലീന കലാരംഗത്തെ പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ 52-ാം സ്ഥാനമാണ് ബോസ് കൃഷ്ണമാചാരിക്ക്. കഴിഞ്ഞവർഷവും പവർ 100 പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു.

ഇന്ത്യൻ സമകാലീന കലാരംഗത്ത് ആർട്ടിസ്റ്റ്, ക്യുറേറ്റർ, സീനോഗ്രാഫർ എന്നീ നിലകളിൽ പ്രശസ്തനായ ബോസ് കൃഷ്ണമാചാരി മുംബയും കൊച്ചിയും ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ശ്രദ്ധേയമായ നിരവധി കലാപ്രദർശനങ്ങൾ രാജ്യത്തിനകത്തും വിദേശത്തുമായി ഒരുക്കിയിട്ടുണ്ട്. ആലുവ സ്വദേശിയായാണ്.

 ബിനാലെ ക്യുറേറ്റർ

2010ൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സഹസ്ഥാപകനായി. 2012ൽ ആദ്യ കൊച്ചി മുസിരിസ് ബിനാലയുടെ സഹ ക്യുറേറ്ററായി. 2016ൽ ചൈനയിലെ യിൻചുവാൻ ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യുറേറ്ററായി. ഗാലറിസ്റ്റ് എന്ന പേരിലും ബോസ് കൃഷ്ണമാചാരി അറിയപ്പെടുന്നുണ്ട്.

ഒക്ടോബറിൽ ബംഗളൂരുവിൽ സമകാലിക കലാസൃഷ്ടികൾക്കായി ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോ ഡിറ്റെയിലിൽ അരംഭിച്ചു. അസ്ത ബുട്ടെയ്ൽ, ഹരീഷ് ചേങ്ങോട്, പൂജ ഈരണ്ണ, പ്രജക്ത എന്നിവരുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

 നിരവധി പുരസ്കാരങ്ങൾ

കേരള ലളിതകലാ അക്കാഡമി, ബ്രിട്ടീഷ് കൗൺസിൽ, ബോംബെ ആർട്ട് സൊസൈറ്റി, ചാൾസ് വാലസ് ട്രസ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇൻഫർമേഷൻ സൊസൈറ്റി, ഫോബ്‌സ്, ഇന്ത്യ ടുഡേ, ട്രെൻഡ്‌സ്, എഫ്.എച്ച്.എം, ജിക്യൂ മെൻ ഒഫ് ദി ഇയർ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് ബോസ് കൃഷ്ണമാചാരി അർഹനായിട്ടുണ്ട്.