
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ വീണ്ടും കുമിഞ്ഞുകൂടി റീത്തുകളുൾപ്പെടെയുള്ള മാലിന്യങ്ങൾ. ഇവ നീക്കാൻ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്ന പരാതി ഉയർന്നിട്ട് കാലങ്ങളായി. ഇടക്കാലത്ത് ഈ വിഷയം മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തമിഴ്നാട്ടിലെ ഏജൻസിയെ ഇവ നീക്കാൻ നഗരസഭ ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ, പകുതിയോളം മാലിന്യമേ നീക്കം ചെയ്തുള്ളൂ. ബാക്കിയുള്ളവ എടുത്തുമാറ്റാൻ വന്ന തൊഴിലാളികൾ പരേതരുടെ ആത്മാക്കൾ കുടിയിരിക്കുന്നുവെന്ന വിചിത്രന്യായം പറഞ്ഞ് മാലിന്യമെടുക്കാൻ വിസമ്മതിക്കുകയായിരുന്നുവത്രേ!.
റീത്തുകൾ കൂടാതെ അന്ത്യകർമ്മങ്ങളുടെ ഉപയോഗ ശേഷമുള്ള തുണികളും ആശുപത്രിയിലിരിക്കെ മരണപ്പെട്ടവരാണെങ്കിൽ അവർ ഉപയോഗിച്ച ടിന്നും ട്രിപ്പും മരുന്നുകളും വരെ മാലിന്യത്തിലുണ്ട്. ശ്മശാനത്തിന് പിന്നിൽ ഉപേക്ഷിച്ച നിലയിലായിരുന്നവ നീക്കം ചെയ്യാനുള്ള സൗകര്യത്തിന് ഉപയോഗിക്കാത്ത ഗ്യാസ് ചേമ്പറിന് മുന്നിൽ, പലരും സഞ്ജയനത്തിന് ഉപയോഗിക്കുന്ന തറയിൽ ശേഖരിച്ചു വയ്ക്കുകയായിരുന്നു. ഇപ്പോൾ ഉറ്റവരുടെ മൃതദേഹവുമായി വരുന്ന ബന്ധുക്കളെ സ്വീകരിക്കുന്നത് ഈ മാലിന്യമാണ്. പൊട്ടിയ മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം വീണ് അഴുകിത്തുടങ്ങിയ ഇതിൽ നിന്ന് ദുർഗന്ധവും വമിക്കാറുണ്ട്. ശ്മശാനത്തിന്റെ വടക്കു ഭാഗത്തെ ഇടിഞ്ഞുവീണ ചുറ്റുമതിൽ ഈയിടെയാണ് പുനർനിർമിച്ചത്. കാടുപിടിച്ചു കിടക്കുന്ന തെക്കുകിഴക്ക് ഭാഗത്ത് വിഷജന്തുക്കൾ വിഹരിക്കുന്നു.
ഇൻസിനേറ്റർ ആവശ്യം നടപ്പായില്ല
റീത്തും മറ്റും കത്തിച്ചു കളയാൻ മറ്റു ശ്മശാനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ഇൻസിനിറേറ്റർ ഇവിടെയും സ്ഥാപിക്കണമെന്ന ആവശ്യത്തോട് നഗരസഭ പ്രതികരിക്കുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. കൂട്ടിയിട്ടിരിക്കുന്ന റീത്തുകൾ കത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇവ നിക്ഷേപിക്കുന്നത് വിലക്കാൻ ശ്രമിക്കുന്ന ശ്മശാന ജീവനക്കാരോട് ബന്ധുക്കൾ വൈകാരികമായാണ് പ്രതികരിക്കാറുള്ളത്. ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ തുനിഞ്ഞ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
1. സൈക്കിൾ ടയർ, പി.വി.സി പൈപ്പ്, ഇരുമ്പു കമ്പികൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച റീത്തുകളാണ് ഏറെയും.
2. ആശുപത്രി മാലിന്യങ്ങൾ ആണ് മറ്റൊരു കടമ്പ.
3. റീത്തുകൾ കൊണ്ടുവരരുതെന്നുള്ള നഗരസഭയുടെ കർശനമായ നിർദ്ദേശം പലരും പാലിക്കാറില്ല.
4. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഇവ സംസ്കരിക്കാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടുന്നു
റീത്തുകളിലെ ടയറും പി.വി.സിയുമെല്ലാം എടുത്തുമാറ്റി ബാക്കി ചൂളയിൽ തന്നെ കത്തിച്ചു കളയാനുള്ള നടപടി സ്വീകരിക്കും. ശ്മശാന പരിസരത്തുള്ള കാടുകൾ വെട്ടാനും ശുചീകരിക്കാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു
സി.എ. ബെന്നി,
നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ