l

കൊച്ചി: വരിനിന്ന ഭക്തർക്ക് തടസമുണ്ടാക്കി നടൻ ദിലീപിനും സംഘത്തിനും പൊലീസ് അകമ്പടിയിൽ ശബരിമല ദർശനത്തിന് ആരാണ് അനുമതി നൽകിയതെന്ന് ഹൈക്കോടതി. നടന് എന്താണ് പ്രിവിലേജെന്നും കോടതി ചോദിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് മുന്നറിയിപ്പു നൽകി.

ശബരിമല എക്സിക്യുട്ടീവ് ഓഫീസർ, പൊലീസ് സ്‌പെഷ്യൽ ഓഫീസർ, സോപാനം സ്‌പെഷ്യൽ ഓഫീസർ എന്നിവരിൽ നിന്ന് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സി.സി ടിവി ദൃശ്യം ഇന്ന് ഹാജരാക്കണം. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ദേവസ്വംബോർഡ് നടപടിയെടുക്കണം.

വ്യാഴാഴ്ച രാത്രി ശബരിമലയിലെത്തിയ ദിലീപും സംഘവും ഹരിവരാസനം പാടി നട അടയ്‌ക്കുവോളം ശ്രീകോവിന് മുന്നിലുണ്ടായിരുന്നു. പിൻനിരയിലൂടെ വന്ന ഭക്തരെ തടഞ്ഞു. കുട്ടികളും വൃദ്ധരും ഭിന്നശേഷിക്കാരുമടക്കം മണിക്കൂറുകൾ വരി നിന്നെത്തിയവർക്ക് ക‌ൃത്യമായ ദർശനം സാദ്ധ്യമായില്ലെന്ന് കോടതി വിലയിരുത്തി. കാണിക്കയിടുന്നതും തടസപ്പെട്ടു.

പ്രത്യേക ദർശനത്തിന് പരിഗണന നൽകേണ്ട ഭരണഘടനാ പദവിയിലുള്ളവരെ സുപ്രീംകോടതി നിർവചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ലെന്നും കോടതി പറഞ്ഞു.

ദേവസ്വംബെഞ്ച് സ്വമേധയാ സ്വീകരിക്കുന്ന ഹർജികളുടെ ഭാഗമായി ഇന്നലെ രാവിലെ വിഷയം പരിഗണിച്ചപ്പോൾ ഉച്ചയ്ക്കുമുമ്പ് പ്രാഥമിക റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. നടന് വി.ഐ.പി പരിഗണന നൽകിയതിലും ഭക്തരെ തടഞ്ഞതിലും ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് ദേവസ്വംബോർഡ് കോടതിയെ അറിയിച്ചു. വിഷയത്തിൽ എക്സിക്യുട്ടീവ് ഓഫീസ‌ർ ബി. മുരാരിബാബു തിങ്കളാഴ്ച വിശദ റിപ്പോർട്ട് സമർപ്പിക്കും.

 ഹരിവരാസന സമയത്ത് നടൻ ദർശനം നടത്തി
ഹരിവരാസന സമയത്ത് നടൻ ദിലീപ് ദർശനം നടത്തിയിരുന്നെന്ന് എക്സിക്യുട്ടീവ് ഓഫീസ‌റുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ദിലീപും സംഘവും ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ. രാധകൃഷ്ണനും ഒപ്പമുള്ളവരും നോർക്ക ചുമതല വഹിക്കുന്ന കെ.പി. അനിൽകുമാറും കൂടെയുള്ളവരും പൊലീസ് അകമ്പടിയോടെ സോപാനത്തേക്ക് വന്നു. ദിലീപ്, ജില്ലാജഡ്ജി കെ.കെ. രാധകൃഷ്ണൻ, കെ.പി. അനിൽകുമാർ എന്നിവരെ ദർശനത്തിനായി കയറ്റിനിറുത്തി. കൂടെയുള്ളവരെ ജനറൽ ക്യൂവിലേക്ക് വിട്ടു. ശബരിമല ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എക്സിക്യുട്ടിവ് ഓഫീസർ, സോപാനം സ്‌പെഷ്യൽ ഓഫീസർ എന്നിവർ ഈസമയം ഉണ്ടായിരുന്നു. ദേവസ്വം ഗാർഡുമാരായ ബിജുബോസ്, ഷൈൻ ടി. രാജ് എന്നിവർക്കായിരുന്നു ആദ്യവരിയുടെ നിയന്ത്രണച്ചുമതല. അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിലെ കാര്യങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട പോയിന്റുകളിൽ ഡ്യൂട്ടിയിലുള്ളവരിൽനിന്ന് വിശദീകരണം വാങ്ങും.