thodukaiyattam-vadakkekar
വടക്കേക്കര പഞ്ചായത്തിലെ ഒറവൻതുരുത്തിൽ തോട് കൈയേറി ചിറക്കെട്ടിയപ്പോൾ

പറവൂർ: തീരദേശ മേഖലയായ വടക്കേക്കര പഞ്ചായത്തിൽ വ്യാപകമായി തോട് കൈയേറുന്നതായി പരാതി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈയേറ്റത്തിന് കൂട്ടുനിൽകുന്നതായി കാരുണ്യ സർവീസ് സൊസൈറ്റി ആരോപിച്ചു. ഒറവൻതുരുത്തിൽ തോട് കൈയേറി ചിറകെട്ടിയതിനെതിരെ പഞ്ചായത്ത് അംഗത്തോട് പരാതിപ്പെട്ടപ്പോൾ പഞ്ചായത്തിന്റെ അനുമതിയോടെയാണ് ചിറകെട്ടിയതെന്നായിരുന്നു മറുപടി. എന്നാൽ പഞ്ചായത്ത് അധികൃതർ ഇത് നിഷേധിച്ചു. സ്‌ഥലം സന്ദർശിച്ച പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ തോടിന്റെ പകുതിയിൽ കൂടുതൽ ഭാഗം കൈയേറിയാണ് ചിറ കെട്ടിയതെന്നും ചിറകെട്ടാനും കലുങ്ക് പണിയാനും പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തി റിപ്പോർട്ട് നൽകിയിരുന്നു. നിരവധി പരാതികൾ ഉയർന്നപ്പോൾ ഭൂമി അളക്കാൻ പറവൂർ താലൂക്ക് സർവേയർക്ക് വിട്ടു. താലൂക്കിൽ നിന്ന് സർവേയർ എത്തിയെങ്കിലും ആസ്തി രജിസ്‌റ്റർ ഇല്ലെന്ന് പറഞ്ഞ് മടങ്ങി. താലൂക്കിൽ സ്കെച്ചും ഉണ്ടായിരുന്നില്ല. ജില്ലാ സർവേയർക്ക് അപേക്ഷ നൽകി സ്കെച്ച് വരുത്തുകയും അളക്കാനുള്ള കൂലി അടയ്ക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ട് തഹസിൽദാർ കത്തും നൽകി. എന്നാൽ കത്ത് കിട്ടിയിട്ടും പഞ്ചായത്ത് ഒരു നടപടി സ്വീകരിച്ചില്ല. ഇതെല്ലാം പഞ്ചായത്തിന് കൈയേറ്റത്തിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നു സൊസൈറ്റി പ്രവർത്തകർ പറഞ്ഞു.

തോട് അളക്കാൻ ആവശ്യപ്പെട്ടുള്ള തഹസീൽദാരുടെ കത്തിന്റെ പകർപ്പ് കാരുണ്യ സൊസൈറ്റി പ്രവർത്തകർ പഞ്ചായത്തിൽ നേരിട്ട് നൽകിയിട്ട് എട്ട് മാസം കഴിഞ്ഞു. ഇതുവരെ അളക്കുന്നതിനുള്ള പണം അടയ്ക്കാനോ വിഷയം കമ്മിറ്റിയിൽ ചർച്ച ചെയ്യാനോ പഞ്ചായത്ത് തയാറായിട്ടില്ല.

തോട് കയ്യേറിയതുമായി ബന്ധപ്പെട്ട് വിവിധ വാർഡുകളിൽ പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത് ഒട്ടേറെ പരാതികൾ ഒരു പരാതിയിലും നടപടിയുണ്ടായില്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി സംരക്ഷിച്ച തോടുകളും ഒരു വർഷം കഴിയും മുന്നേ കൈയേറിതോട് സംരക്ഷണത്തിന് വിനിയോഗിച്ച സർക്കാർ ഫണ്ടുകളും പാഴായി

കൈയേറ്റങ്ങളിൽ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്‌ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, റവന്യൂ വകുപ്പ്, വിജിലൻസ് അധികാരികൾക്കു പരാതി നൽകും

ജിതേഷ് സിംഗ്

ആന്റണി കോണത്ത്

കാരുണ്യ സർവീസ് സൊസൈറ്റി