crime
പ്രതി ഉത്പാൽ ബാല (34)

മൂവാറ്റുപുഴ: കുന്നത്തുനാട് പിണർമുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)കൊലക്കേസിൽ പ്രതി പശ്ചിമ ബംഗാൾ സ്വദേശി ഉത്പാൽ ബാല (34) യ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും മൂവാറ്റുപുഴ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷ വിധിച്ചു. പിഴ തുക അടച്ചില്ലങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2021 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഉത്പൽ ബാല,​ ബിശ്വജിത് മിത്രയുടെ ഭാര്യയേയും വീട്ടുകാരേയും കുറിച്ച് മോശമായി പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്. ഇരുവരും പശ്ചിമബംഗാൾ ഗായ്ഗട്ട സ്വദേശികളാണ്. കേസിൽ 19 സാക്ഷികളെയാണ് വിസ്തരിച്ചത്. അമ്പലമേട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ലാൽ സി. ബേബിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.